വാഴൂരിലെ വീടുകളിൽ അതിക്രമിച്ചു കയറി സ്വർണവും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ മുതലുകൾ അപഹരിച്ച കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. 

കോട്ടയം: വാഴൂരിലെ വീടുകളിൽ അതിക്രമിച്ചു കയറി സ്വർണവും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ മുതലുകൾ അപഹരിച്ച കേസിൽ ദമ്പതികളെ ദിവസങ്ങൾക്കകം മണിമല പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ടാർസൺ എന്ന മനീഷ് എം.എം. (40), ഭാര്യ ജോസ്ന വിഎ. (39) എന്നിവരെയാണ് പെരുമ്പാവൂരിൽ വെച്ച് പൊലീസ് പിടികൂടിയത്. നിലവിൽ ഇരുവരും ഇടുക്കി അടിമാലിയിലാണ് താമസിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടയിൽ വാഴൂർ വില്ലേജിൽ നടന്ന രണ്ട് മോഷണക്കേസുകളിലാണ് പ്രതികൾ അറസ്റ്റിലായത്.

ജൂലൈ 29-ന് പുലർച്ചെ 1:30-നും 3:50-നും ഇടയിൽ വാഴൂർ ഈസ്റ്റ്, ചെങ്കല്ലേൽ പള്ളിക്ക് സമീപമുള്ള മഞ്ചികപ്പള്ളി വീട്ടിൽ അതിക്രമിച്ചു കയറി, മുറിയിലെ മേശപ്പുറത്ത് വെച്ചിരുന്ന മൂന്നര പവന്റെ സ്വർണ്ണമാലയും അര പവന്റെ മോതിരവും മോഷ്ടിച്ചു. ലൈ 28-ന് രാത്രി 11:00-നും പുലർച്ചെ 3:45-നും ഇടയിൽ ചെങ്കല്ലേപ്പള്ളിക്ക് സമീപമുള്ള മണിയൻചിറ കുന്നേൽ വീട്ടിലെ അടുക്കളവാതിൽ ബലമായി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ വീട്ടുടമയുടെ ഭാര്യയുടെ കാലുകളിലുണ്ടായിരുന്ന രണ്ടേകാൽ പവന്റെ രണ്ട് കൊലുസുകളും, ഹാൻഡ്ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും, എടിഎം. കാർഡും, പാൻകാർഡും, രണ്ടായിരം രൂപയും ഉൾപ്പെടെ ഒന്നേകാൽ ലക്ഷം രൂപയുടെ മുതലുകളും കവർന്നു.

ഈ കേസുകൾ രജിസ്റ്റർ ചെയ്ത ശേഷം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. മണിമല എസ്.ഐ. ജയപ്രകാശ് വി.കെ., എസ്.ഐ. ജയപ്രസാദ് വി., സി.പി.ഒ.മാരായ ജിമ്മി ജേക്കബ്, സെൽവരാജ്, അഭിലാഷ്, ശ്രീജിത്ത്, നിതിൻ പ്രകാശ്, ശ്രീജിത്ത് ബി., ജോബി ജോസഫ്, വിമൽ, ശ്രീജിത്ത് അനൂപ് എം.എസ്., രഞ്ജിത്ത് സജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിലാണ് ഇന്നലെ പ്രതികളെ എറണാകുളം പെരുമ്പാവൂർ ഭാഗത്ത് നിന്ന് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.