കോഴിക്കോട്: പന്തീരങ്കാവിൽ കവർച്ച നടത്തുന്നതിനിടെ തൊട്ടിലിൽ കിടന്ന ഒരുവയസുകാരനെയെടുത്ത് കള്ളന് ടെറസിൽ ഉപേക്ഷിച്ചു. കുഞ്ഞ് കരഞ്ഞ് വീട്ടുകാർ ഉണരാതിരിക്കാനാണ് ടെറസിൽ കൊണ്ടിട്ട് മോഷ്ടാവ് കടന്നത്. ഒരുമൊബൈല് ഫോണും കുഞ്ഞിന്‍റെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണവും മോഷണം പോയി. പന്തീരീങ്കാവ് സ്വദേശി മാമുക്കോയയുടെ വീട്ടിലാണ് സംഭവം. രാത്രി ഒരു മണികഴിഞ്ഞാണ് മാമുക്കോയ ഉറങ്ങിയത്. രണ്ടരയായപ്പോ കുഞ്ഞിന്‍റെ കരച്ചില് കേട്ട് ഞെട്ടി എഴുന്നേറ്റു.

ലൈറ്റിട്ടുനോക്കിയപ്പോള്‍ തൊട്ടിലില് കിടത്തിയ കുട്ടിയെ കാണാനില്ല. കരച്ചില് കേള്‍ക്കുന്നത് വീടിന്‍റെ ടെറസില്‍ നിന്നും. ടെറസിലെ വാതിലിനരികിലെ മൂലയില് കിടന്ന് കുട്ടി കരയുന്നതാണ് കാണുന്നത്. നോക്കുമ്പോള്‍ കുട്ടിയുടെ മാല കാണാനില്ല. മാമുക്കോയയുടെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു.പൊലീസിന്‍റെ പരിശോധനയില്‍ തൊട്ടടുത്ത വീട്ടിലും കള്ളന്‍ കയറാനുള്ള ശ്രമം നടത്തിയിട്ടുണ്ടെന്ന് മനസിലായി. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.