Asianet News MalayalamAsianet News Malayalam

സിസിടിവിയില്‍ പോലും മുഖം കാണിക്കില്ല, അര്‍ധരാത്രിക്ക് ശേഷം മോഷണം; സംഘം പിടിയിലായത് ഇങ്ങനെ

പകല്‍സമയങ്ങളില്‍ വാഹനത്തില്‍ പച്ചക്കറി, പഴ വില്‍പ്പന നടത്തുന്ന ഇരുവരും വീടുകള്‍ നിരീക്ഷിച്ചതിന് ശേഷം രാത്രിയിലെത്തി മോഷണം നടത്തുന്നതായിരുന്നു രീതി. ബത്തേരി മേഖലയില്‍ നിന്ന് മാത്രം 73 പവനും 30 ലക്ഷം രൂപയും പ്രതികള്‍ കവര്‍ന്നതായി പൊലീസ്

thieves who were troubling people and police for long time held in wayanad
Author
Sulthan Bathery, First Published Aug 12, 2021, 8:36 AM IST
  • Facebook
  • Twitter
  • Whatsapp

കല്‍പ്പറ്റ: സിസിടിവിയില്‍ കുടുങ്ങാതിരിക്കാന്‍ കുട ചൂടിയും വിവിധ വേഷവിധാനത്തിലുമെത്തി മോഷണം നടത്തിയിരുന്ന സംഘം മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പിടിയിലായി.  മലപ്പുറം മക്കരപ്പറമ്പ് കാളന്‍തോടന്‍ അബ്ദുള്‍കരീം, പുളിയടത്തില്‍ അബ്ദുള്‍ലത്തീഫ് എന്നിവരാണ് പിടിയിലായത്. അബ്ദുള്‍കരീമിനെ കഴിഞ്ഞ മാര്‍ച്ചില്‍ മണ്ണാര്‍ക്കാട് നിന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും അബ്ദുള്‍ലത്തീഫിന് പിടികൂടാനായത് കഴിഞ്ഞ ദിവസമാണ്. മലപ്പുറം എ.ആര്‍ ക്യാമ്പിന് സമീപത്തെ ലോഡ്ജ് മുറിയില്‍ നിന്നാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത്.

സിസിടിവിക്ക് പോലും മുഖം കൊടുക്കാതെ നാട്ടുകാരെയും പൊലീസിനെയും ഒരു പോലെ വട്ടം ചുറ്റിച്ച കള്ളന്മാരില്‍ രണ്ടാമന്‍ പത്ത് മാസത്തിന് ശേഷമാണ് പിടിയിലാകുന്നത്. പാന്റും ഷര്‍ട്ടും ധരിച്ചെത്തുന്ന മോഷ്ടാക്കളുടെ മുഖം കുടചൂടുന്നതിനാല്‍ മിക്ക വീടുകളിലെയും സ്ഥപാനങ്ങളിലെയും സിസിടിവിയില്‍ പതിഞ്ഞിരുന്നില്ല. ഇതാണ് പൊലീസിന് വിനയായത്. മാത്രമല്ല ഫുള്‍സ്ലീവ് ഷര്‍ട്ടിന് പുറമെ കൈയ്യുറയും മാസ്‌കും തൊപ്പിയും ധരിച്ചായിരുന്നു മോഷണത്തിനെത്തിയിരുന്നത്. ഈ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും അന്വേഷണത്തെ ബാധിച്ചു. സാമൂഹിക മാധ്യമങ്ങളും ഇവര്‍ ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

മുമ്പ് നിരവധി കേസുകളില്‍ പ്രതികളായ ഇരുവരും അതീവ ജാഗ്രതയോടെയായിരുന്നു ഓരോ നീക്കവും നടത്തിയിരുന്നത്. പകല്‍സമയങ്ങളില്‍ വാഹനത്തില്‍ പച്ചക്കറി, പഴ വില്‍പ്പന നടത്തുന്ന ഇരുവരും വീടുകള്‍ നിരീക്ഷിച്ചതിന് ശേഷം രാത്രിയിലെത്തി മോഷണം നടത്തുന്നതായിരുന്നു രീതി. ബത്തേരിക്കടുത്തുള്ള പഴുപ്പത്തൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇരുവരുടെയും താമസം. കച്ചവടം കഴിഞ്ഞെത്തിയാല്‍ വൈകുന്നേരത്തോടെ കാറുമായി മോഷണത്തിനിറങ്ങും. ലൈറ്റിടാത്ത വലിയ വീടുകള്‍ നോക്കി വെച്ച് അര്‍ധരാത്രിക്ക് ശേഷം വീണ്ടുമെത്തും. അബ്ദുള്‍കരീമാണ് വീടിനുള്ളില്‍ കയറുക. ഈ സമയം അബ്ദുള്‍ ലത്തീഫ് പരിസരം വീക്ഷിക്കും.

ബത്തേരി മേഖലയില്‍ നിന്ന് മാത്രം 73 പവനും 30 ലക്ഷം രൂപയും പ്രതികള്‍ കവര്‍ന്നതായി പൊലീസ് വിശദമാക്കി. ബത്തേരി സ്‌റ്റേഷന്‍ പരിധിയില്‍പെടുന്ന കുപ്പാടി, പുത്തന്‍കുന്ന്, നായ്ക്കട്ടി, മൂലങ്കാവ്, കൈപ്പഞ്ചേരി നൂല്‍പ്പുഴ സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട മാടക്കര, മലങ്കര പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ സുരഭിക്കവല, റോയല്‍പ്പടി മീനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോളേരി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലായാണ് ഒരുവര്‍ഷത്തിനുള്ളില്‍ ഇവര്‍ മോഷണം നടത്തിയത്. സമാനരീയിലുള്ള മോഷണങ്ങള്‍ വര്‍ധിച്ചതോടെ അന്നത്തെ മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. മോഷണം നടന്ന പ്രദേശങ്ങളില്‍ നൂറോളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളുടെ ശരീരപ്രകൃതവും മറ്റും മനസിലാക്കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ തരത്തില്‍ മോഷണം നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് പ്രതികളുടേതിന് സമാനമായവരുടെ പട്ടിക തയ്യാറാക്കി. ഇതില്‍ അബ്ദുള്‍കരീമും, അബ്ദുള്‍ ലത്തിഫും നിരവധി കാലങ്ങളായി സ്വന്തം നാട്ടിലില്ലെന്ന് മനസിലാക്കിയാണ് അന്വേഷണം ഇവരിലേക്ക് ചുരുക്കിയത്. അബ്ദുള്‍ കരീം പിടിയിലായ ശേഷം ലഭിച്ച വിവരങ്ങള്‍ വെച്ച് അബ്ദുള്‍ ലത്തീഫിനായി നാല് മാസത്തോളമാണ് അന്വേഷണം നടത്തിയത്. പ്രതിയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണിലേക്ക് വരുന്ന കോളുകള്‍ നീരീക്ഷിച്ചു. കോയമ്പത്തൂരില്‍ നിന്നെടുത്ത സിംകാര്‍ഡില്‍ നിന്ന് സ്ഥിരമായി വന്ന കോളുകള്‍ പിന്തുടര്‍ന്നായിരുന്നു അബ്ദുള്‍ലത്തീഫിനെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം തമിഴ്‌നാട്ടില്‍ വിറ്റെന്നാണ് ഇരുവരും പൊലീസിനെ അറിയിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios