തൃശൂര്‍ കൊണ്ടാഴി സ്വദേശി കലാമണ്ഡലം അനീഷിനെയാണ് തൃത്തംതളി ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നാണ് അനീഷിനോട് മാറി നില്‍ക്കാൻ ആവശ്യപ്പെട്ടതെന്ന് സംഘാടകരുടെ വിശദീകരണം.

തൃശൂര്‍: ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് തിമില കലാകാരനെ ഉത്സവപരിപാടിയില്‍ നിന്ന് ഒഴിവാക്കിയതായി പരാതി. തൃശൂര്‍ കൊണ്ടാഴി സ്വദേശി കലാമണ്ഡലം അനീഷിനെയാണ് തൃത്തംതളി ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നാണ് അനീഷിനോട് മാറി നില്‍ക്കാൻ ആവശ്യപ്പെട്ടതെന്ന് സംഘാടകരുടെ വിശദീകരണം.

കലാമണ്ഡലം അനീഷിന്‍റെ ഈ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് കാരണം. ആര്‍ത്തവം അശുദ്ധമല്ലെന്നും ശബരിമലയില്‍ സത്രീകള്‍ പ്രവേശിക്കട്ടെയെന്നും അനീഷ് നിലപാട് എടുത്തതോടെ പല സുഹൃത്തുക്കളും ശത്രുക്കളായി. ഇപ്പോള്‍ ഏക ഉപജീവനമാര്‍ഗത്തെ പോലും ഇത് ബാധിച്ചിരിക്കുയാണ്. തൃശ്ശൂർ കൊണ്ടാഴി തൃത്തംതളി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് എല്ലാ വർഷവും അനീഷ് തമില വായിക്കാറുണ്ട്. എന്നാൽ ഇത്തവണ ഒഴിവാക്കി.അനീഷ് കൊട്ടിയാൽ ഉത്സവം തടസ്സപ്പെടുത്തുമെന്നും ആക്രമിക്കുമെന്നും ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ കരാറുകാരനെ ഭീഷണിപ്പെടുത്തിയതായി അനീഷ് പറയുന്നു.

പ്രശ്നം ഒഴിവാക്കാനും പരിപാടികള്‍ സുഗമമായി നടക്കാനും അനീഷിനോട് മാറിനില്‍ക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാമാണ് സംഘാടകര്‍ പറയുന്നത്.ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് അനീഷിന്റെ തീരുമാനം.