മലപ്പുറം: മലപ്പുറം തിരൂരില്‍ മധ്യവയസ്ക്കയായ വീട്ടമ്മയെ ബലാത്സംഘം ചെയ്ത കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടുന്നില്ലെന്ന് പരാതി. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടും പൊലീസ് പ്രതിയെ പിടികൂടുന്നില്ലെന്നും പ്രതിയെ രക്ഷിക്കാനായി ശ്രമം നടക്കുന്നുവെന്നും പരാതിക്കാരി. കഴിഞ്ഞ  ഫെബ്രുവരി പത്താം തീയതിയാണ്  യുവാവ് വീട്ടില്‍ കയറി പീഡിപ്പിച്ചത്. പുലര്‍ച്ചെയായിരുന്നു പീഡനം.

വീട്ടമ്മയും ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ ഉള്ളത്. ദിവസവും പത്രം വാങ്ങാനായി ഭര്‍ത്താവ് പുറത്തേക്ക് പോകും. ഈ സമയം മനസിലാക്കിയാണ് പ്രതി തിരൂര്‍ സൗത്ത് അന്നാര സ്വദേശി അര്‍ജ്ജുൻ ശങ്കര്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഘം ചെയ്തത്. സംഭവത്തില്‍ വീട്ടമ്മ തിരൂര്‍ പൊലീസിന് പരാതി നല്‍കി. പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെയും പിടികൂടിയിട്ടില്ല. അര്‍ജ്ജുൻ ശങ്കര്‍ നാട്ടില്‍ നിന്ന് മുങ്ങിയെങ്കിലും പലപ്പോഴായി നാട്ടിലെത്തുന്നുണ്ട്. 

പലതവണ അര്‍ജ്ജുന്‍ നാട്ടില്‍ വന്ന് പോയതായി നാട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ഇക്കാര്യം പൊലീസിലറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരിയുടെ മരുമകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പ്രതി ആരാണെന്ന് എല്ലാവര്‍ക്കും അറിയാം, അയാള്‍ ഇടയ്ക്കിടയ്ക്ക് നാട്ടില്‍ വന്ന് പോകുന്നുണ്ട്. ഇക്കാര്യം പലരും പൊലീസില്‍ അറിയിച്ചു. നിരവധി തവണ പൊലസില്‍ സ്റ്റേഷന്‍ കയറി ഇറങ്ങി. എന്നാല്‍ പ്രതിയെ പിടികൂടാന്‍ പൊലീസ് തയ്യാറായില്ല. അര്‍ജുനെ രക്ഷിക്കാനായി ആരോ ശ്രമിക്കുന്നുണ്ട്. പൊലീസിന് മേല്‍ സമ്മര്‍ദ്ദമുള്ളതുകൊണ്ടാണ് പ്രതിയെ പിടികൂടാത്തതെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. 


കേസ് അന്വേഷണം ആദ്യഘട്ടത്തില്‍ തന്നെ ഇഴയുന്നുവെന്ന് മനസിലാക്കിയതോടെയാണ് പരാത്തിക്കാരി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും പരാതി നല്‍കിയത്. പരാതി ലഭിച്ച ഇടനെ ആരോഗ്യമന്ത്രി പരാതിക്കാരിയെ നേരിട്ട് വിളിച്ച് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പറഞ്ഞിരുന്നു. 60 വയസുള്ള സ്ത്രീയായതിനാല്‍ മന്ത്രി ഇടപെട്ട് സാമൂഹ്യസുരക്ഷ വകുപ്പിന് കീഴില്‍ നിന്നുള്ള നിര്‍ഭയയില്‍ നിന്ന് പ്രത്യേക കൗണ്‍സിലിംഗും വല്‍കിയിരുന്നു. അന്വേഷണം ശക്തിപ്പെടുത്തണമെന്ന് മന്ത്രി നേരിട്ട് നിര്‍ദ്ദേശിച്ചു. എന്നിട്ടു പോലും പൊലീസ് പ്രതിയെ പിടികൂടാന്‍ ഉത്സാഹം കാണിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

എന്നാല്‍ പ്രതിക്കായി അന്വേഷണം നടക്കുന്നുണ്ടെന്നാണ് തിരൂര്‍ എഎസ്ഐ പ്രമോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. കുറ്റവാണിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പലയിടത്തായി ഒളിവില്‍ താമസിക്കുകയാണ് പ്രതി. ഇപ്പോള‍്‍ ചാവക്കാട് ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഉടനെ അര്‍ജ്ജുനെ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും എഎസ്ഐ വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസ് ഇടപെട്ടിട്ടും എന്തുകൊണ്ട് പൊലീസ് അന്വേഷണം ശക്തിപ്പെടുത്തുന്നില്ലെന്നാണ് പരാതിക്കാരിയുടെയും കുടുംബത്തിന്‍റെയും ചോദ്യം. കേസില്‍ ഉടന്‍ അറസ്റ്റുണ്ടായില്ലെങ്കില്‍ കൂടുതല്‍ നിയമനടപടിയിലേക്ക് കടക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കി.