Asianet News MalayalamAsianet News Malayalam

വെള്ളക്കെട്ട്; കേന്ദ്രസർക്കാരിനെ പഴി പറഞ്ഞ് തിരുവനന്തപുരം നഗരസഭ, യോഗത്തിൽ തീരുമാനമില്ല, കുറ്റപ്പെടുത്തൽ മാത്രം

മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന തോടുകൾ, അശാസ്ത്രീയമായ നിർമ്മാണങ്ങൾ കയ്യേറ്റങ്ങൾ, തുടങ്ങി അടിക്കടി തലസ്ഥാനത്തെ മുക്കുന്ന വെള്ളക്കെട്ടിന് എന്തെങ്കിലും പരിഹാരം പ്രത്യേക കൗൺസിലിൽ ഉണ്ടാകുമെന്നായിരുന്നു നഗരവാസികളുടെ പ്രതീക്ഷ പക്ഷെ എല്ലാം കേന്ദ്ര കാലാവസ്ഥ വകുപ്പിനെതിരായ കുറ്റപ്പെടുത്തലിൽ ഒതുങ്ങിയെന്ന് മാത്രം

Thiruvananthapuram corporation blames imds delayed warning for repeating water log in and around city etj
Author
First Published Nov 30, 2023, 8:30 AM IST

പാളയം: ചെറുമഴയ്ക്ക് പോലും വെള്ളക്കെട്ടുണ്ടാകുന്നതിന് കാരണം കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നതിലെ കേന്ദ്രസർക്കാർ അവഗണനയെന്ന് പഴിച്ച് നഗരസഭ. തിരുവനന്തപുരം നഗരസഭയാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണം മഴക്കെടുതി മുന്നറിയിപ്പ് നൽകുന്നതിലെ കേന്ദ്ര സർക്കാർ അവഗണനയെന്ന് പഴിച്ച് മുന്നോട്ട് വന്നിട്ടുള്ളത്. വിഷയം ചർച്ച ചെയ്യാനായ കൂടിയ പ്രത്യേക കൗൺസിൽ യോഗം കാര്യമായൊരു തീരുമാനവും എടുക്കാതെ പിരിഞ്ഞു.

യോഗത്തിൽ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയപ്പോൾ എൽഡിഎഫ്-ബിജെപി അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന തോടുകൾ, അശാസ്ത്രീയമായ നിർമ്മാണങ്ങൾ കയ്യേറ്റങ്ങൾ, തുടങ്ങി അടിക്കടി തലസ്ഥാനത്തെ മുക്കുന്ന വെള്ളക്കെട്ടിന് എന്തെങ്കിലും പരിഹാരം പ്രത്യേക കൗൺസിലിൽ ഉണ്ടാകുമെന്നായിരുന്നു നഗരവാസികളുടെ പ്രതീക്ഷ പക്ഷെ എല്ലാം കേന്ദ്ര കാലാവസ്ഥ വകുപ്പിനെതിരായ കുറ്റപ്പെടുത്തലിൽ ഒതുങ്ങിയെന്ന് മാത്രം. ചർച്ച പ്രഹസനമെന്നും ആരോപിച്ച് തുടക്കത്തിലെ തന്നെ യുഡിഎഫ് അംഗങ്ങൾ ഇറങ്ങി പോയി.

വെള്ളക്കെട്ടിന് കാരണമാകുന്ന കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെ ചൊല്ലി എൽഡിഎഫ്- ബിജെപി അംഗങ്ങൾ തമ്മിൽ യോഗത്തിൽ വാക്കുതർക്കമുണ്ടായി. കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ, മുൻ ബിജെപി കൗൺസിലർ കയേറ്റം നടത്തിയിട്ടുണ്ടെന്ന് ഭരണപക്ഷം പ്രതിരോധിച്ചു. താൻ ഇക്കാര്യം നേരിൽ ബോധ്യപ്പെട്ടതാണെന്ന് മേയർ കൂടി പറഞ്ഞതിന് പിന്നാലെ ബിജെപി കൗൺസിലർമാർ നടുതളത്തിൽ ഇറങ്ങി ബഹളം വച്ചു.

ബഹളം രൂക്ഷമായതോടെ യോഗം പെട്ടെന്ന് അവസാനിപ്പിച്ചു. റൂർക്കി ഐഐടിയെ വെള്ളക്കെട്ട് പഠിക്കാൻ ഏൽപ്പിച്ചതിനെ ചൊല്ലിയും കൗൺസിലിൽ ബഹളമുണ്ടായി. ആമയിഴഞ്ചാൻ തോടിന് കുറുകെ നെല്ലിക്കുഴിയിലെ പാലം നിർമാണത്തിലെ അശാസ്ത്രീയ പഠിക്കണമെന്ന് യുഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. പക്ഷെ പാലം നി‍ർമാണത്തിൽ ഒരു അപാകതയുമില്ലെന്നായിരുന്നു ഭരണപക്ഷ വാദം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios