വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയതുമായി ബന്ധുപ്പെട്ട വിവാദങ്ങളോടെയാണ് വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം വാർത്തകളിൽ ഇടം പിടിച്ചത്. കള്ളവോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയതോടെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് ഒഴിവാക്കുകയായിരുന്നു.
തിരുവനന്തപുരം കോർപറേഷനിൽ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷിന് വിജയം. 1607 വോട്ടാണ് വൈഷ്ണ നേടിയത്. എൽഡിഎഫ് സിറ്റിങ് സീറ്റിൽ 397 വോട്ടിന്റെ ഭൂരിപക്ഷത്തോടയാണ് വിജയം. ഇടത് സ്ഥാനാർത്ഥിയായ അംശു വാമദേവന് 1210 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാർ 460 വോട്ടിൽ ഒതുങ്ങി.
വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയതുമായി ബന്ധുപ്പെട്ട വിവാദങ്ങളോടെയാണ് വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം വാർത്തകളിൽ ഇടം പിടിച്ചത്. കള്ളവോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയതോടെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് ഒഴിവാക്കുകയായിരുന്നു. ഇതോടെ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായി. പ്രചാരണം ആരംഭിച്ച ശേഷമായിരുന്നു വൈഷ്ണയ്ക്ക് തിരിച്ചടിയായി വോട്ടർ പട്ടിക വിവാദമെത്തിയത്.
വൈഷ്ണയുടെ മേൽവിലാസത്തിൽ കൃത്യതയില്ലെന്നായിരുന്നു സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി. തുടർന്ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപ്പട്ടികയിൽ വൈഷ്ണയുടെ പേരുണ്ടായിരുന്നില്ല. തുടർന്ന് ദിവസങ്ങൾ നീണ്ട നിയമയുദ്ധം. ഒടുവിൽ ഹൈക്കോടതി ഇടപെടലോടെ വൈഷ്ണയ്ക്ക് വോട്ടവകാശം തിരികെ ലഭിക്കുകയായിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കളത്തിൽ വൈഷ്ണ വീണ്ടും സജീവമാവുകയായിരുന്നു. വിവാദത്തിന് പിന്നാലെ തന്നെ സംസ്ഥാനത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ വാർഡായിരുന്നു ഇത്.
മുട്ടട വാര്‍ഡിൽ 25 വർഷങ്ങൾക്ക് ശേഷമാണ് യുഡിഎഫ് വിജയിക്കുന്നത്. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ പ്രതികരിച്ചു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റാണ് വൈഷ്ണ. തിരുവനന്തപുരം കോർപറേഷനിലെ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കൂടിയാണ് വൈഷ്ണ സുരേഷ്.

