തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകാനായി തിരുവനന്തപുരം മേയർ വികെ പ്രശാന്ത് ഓഫീസിലെത്തിയത് സൈക്കിളോടിച്ച്. രാവിലെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചാണ് വീട്ടിൽ നിന്നിറങ്ങിയത്.  കഴക്കൂട്ടത്ത് നിന്നും ആദ്യം യാത്ര കെഎസ്എആർടിസി ബസ്സിലായിരുന്നു. ഉള്ളൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം നഗരസഭാ ആസ്ഥാനത്തേക്ക് പുറപ്പെട്ടത് സൈക്കിളിലും. പരിസ്ഥിതി ദിനത്തിലെ യാത്ര പ്രതീകാത്മകം. 

"സൈക്കിളുകൾ ഉപയോഗിക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുകയെന്നത് കൂടിയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക വാക്കിങ് സോണുകളും സൈക്കിൾ പാതകളും നിർമിക്കണം" മേയ‍ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകേണ്ടതിന്‍റെ ആവശ്യകതയെക്കൂടിയാണ് ഇതിലൂടെ പ്രചരിപ്പിക്കുന്നതെന്നും മേയർ കൂട്ടിച്ചേർത്തു.