മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നിവയ്ക്കാണ് ഈ രോഗികളെ വിധേയരാക്കിയത്. സംസ്ഥാനത്ത് ഇതാദ്യമാണ് സർക്കാർ മേഖലയിൽ റോബോട്ടിക് സർജറിയിലൂടെ ഈ ചികിത്സ നടത്തിയതെന്ന് ഡോക്ടർമാർ അറിയിച്ചു.
തിരുവനന്തപുരം: സർജറി ഉപകരണങ്ങൾ ഇല്ലാത്ത തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽ റോബോട്ടിക്ക് സർജറി വഴി പത്തുപേർക്ക് നടത്തിയ ശസ്ത്രക്രിയ വിജയം. വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി കൊണ്ടുവന്ന ഉപകരണം ഉപയോഗിച്ചാണ് സർജറി നടത്തിയത്. മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നിവയ്ക്കാണ് ഈ രോഗികളെ വിധേയരാക്കിയത്. സംസ്ഥാനത്ത് ഇതാദ്യമാണ് സർക്കാർ മേഖലയിൽ റോബോട്ടിക് സർജറിയിലൂടെ ഈ ചികിത്സ നടത്തിയതെന്ന് ഡോക്ടർമാർ അറിയിച്ചു.

ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ള മേലധികാരികളുടെ അനുമതിയോടെ നടത്തിയ ശസ്ത്രക്രിയ പത്തു പേർക്കും രോഗമുക്തിയേകി. ആശുപത്രിയിൽ റോബോട്ടിക് സർജറി ഉപകരണങ്ങൾ ലഭ്യമാകുമ്പോൾ രോഗികൾക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്ന് ഈ ശസ്ത്രകളിലൂടെ തെളിയുകയാണ്. ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ മനോജ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയകൾ. അനസ്തേഷ്യ വിഭാഗം മേധാവി ഡോ ശോഭ, ഡോ ധന്യ, ഡോ രാധിക, റേഡിയോളജി വിഭാഗം മേധാവി ഡോ ജയശ്രീ, സൂരജ്, സർജിക്കൽ ടീമംഗങ്ങളായ ഡോ വിനേഷ് സേനൻ, ഡോ അശോക്, ഡോ ഷിബു, ഡോ ദേവസുമൻ, നേഴ്സുമാരായ രമ്യ, ശ്രീജ എന്നിവർക്കൊപ്പം മറ്റു സപ്പോർട്ടിംഗ് സ്റ്റാഫുകളും ശസ്ത്രക്രിയയിൽ പങ്കാളികളായി.


