തങ്കമ്മയുടെ മകൻ കുടുംബസമേതം മറ്റൊരു വീട്ടിലാണ് താമസം. മകൾ ഭർതൃവീട്ടിലുമാണ്. തങ്കമ്മയെ കാണാതായതിനെത്തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മകളെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കായംകുളം: തനിച്ച് താമസിച്ചിരുന്ന വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തി കല്ലുകെട്ടി കായലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. മുതുകുളം തെക്ക് സാധുപുരത്ത് പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മയെയാണ് (80) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണമാലയും വളയും കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്. നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ കവർച്ചാ സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴുമണി മുതലാണ് തങ്കമ്മയെ കാണാതായത്. മകൻ കുടുംബസമേതം മറ്റൊരു വീട്ടിലാണ് താമസം. മകൾ ഭർതൃവീട്ടിലുമാണ്. തങ്കമ്മയെ കാണാതായതിനെത്തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മകളെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കനകക്കുന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പുലർച്ചെ കീരിക്കാട് ജെട്ടിക്ക് സമീപം മീൻ പിടിക്കാനും മണൽ വാരുന്നതിനുമായി ഇറങ്ങിയ തൊഴിലാളികളാണ് കായലിന് നടുവിൽ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കനകക്കുന്ന് ജെട്ടിക്ക് സമീപം അടിഞ്ഞ മൃതദേഹം കനകക്കുന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് കരയ്ക്കെത്തിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കൈയും കാലും ബന്ധിച്ച് കഴുത്തിൽ കല്ല് കെട്ടി കായലിൽ താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കായംകുളത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ തനിച്ച് താമസിക്കുന്ന വയോധികർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ കനകക്കുന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം