തിരുവനന്തപുരം: ലക്ഷദ്വീപില്‍ കുടുങ്ങിയ മത്സ്യബന്ധ ബോട്ടിനൊപ്പം നാട്ടിലെത്താന്‍ കൈവശമുണ്ടായിരുന്ന ഡീസല്‍ വിറ്റ് നാട്ടിലേക്ക് വരാന്‍ പണം കണ്ടെത്തി അത്ഭുതമാതയിലെ തൊഴിലാളികള്‍. മഹാ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പിനെ തുടര്‍ന്ന് ലക്ഷദ്വീപ് തീരത്തടുപ്പിച്ചപ്പോൾ കരയിലേക്കിടിച്ചുകയറി മണ്ണിൽ പുതഞ്ഞു പോയ നിലയിലായിരുന്നു തിരുവനന്തപുരം  സ്വദേശികളുടെ അത്ഭുതമാതയെന്ന മത്സ്യബന്ധന ബോട്ട്. 

എന്‍ഐഒടിയുടേയും ദ്വീപ് അഡ്മിനിസ്ട്രേഷന്‍റെയും സഹായത്തോടെ ബോട്ട് തിരികെ വെള്ളത്തിലിറക്കിയെങ്കിലും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ബോട്ടിന്‍റെ ഡെക്കില്‍ വെള്ളം കയറുന്ന സ്ഥിതിയുമുണ്ടായി. തുടര്‍ന്നാണ് നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ അകമ്പടി ബോട്ട് ആവശ്യമാണെന്ന് ബോട്ടുടമകള്‍ പറഞ്ഞത്. നടുക്കടലില്‍ വച്ച് മത്സ്യബന്ധന ബോട്ട് മുങ്ങിപ്പോവാതിരിക്കാന്‍ വേണ്ടിയായിരുന്നു അകമ്പടി ബോട്ട് വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ട്. ഇതിനായി ഒന്നരലക്ഷം രൂപയോളം ചെലവായിരുന്നു പ്രതീക്ഷിച്ചത്. 

എന്നാല്‍ ബോട്ട് തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്തത് മൂലം സഹായിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് ഫിഷറീസ് വകുപ്പ് വ്യക്തമാക്കിയത്. തുടർന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വവും തമിഴ്നാട് ഫിഷറീസ് കൊളച്ചൽ ഡിപ്പാർട്മെന്റിലെ എം.ഡിയും മത്സ്യത്തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി രംഗത്തെത്തുകയായിരുന്നു.

നാട്ടിലെത്തിയ ശേഷം അകമ്പടി ബോട്ടിനുള്ള പണം നൽകാമെന്ന് ഇവർ അറിയിച്ചെങ്കിലും കൽപ്പേനിയിൽ നിന്ന് അകമ്പടി വരാൻ തയ്യാറായ ബോട്ടുകാർ ദ്വീപിൽ നിന്ന് തിരിക്കുന്ന മുൻപ് തന്നെ പണം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ബോട്ട് ജീവനക്കാര്‍ ദുരിതത്തിലായത്. 

ഇതോടെയാണ് കൈവശമുണ്ടായിരുന്ന‌ ഡീസൽ ദ്വീപിൽ തന്നെ വിറ്റ് പണം കണ്ടെത്താന്‍ തീരുമാനിച്ചത്. കൽപ്പേനി ദ്വീപിൽ നിന്ന് അകമ്പടി ബോട്ടുമായി കുടുങ്ങിക്കിടന്ന പത്ത് മത്സ്യത്തൊഴിലാളികളും നാട്ടിലേക്ക് തിരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കൽപ്പേനിയിൽ നിന്ന് സംഘം നാട്ടിലേക്ക് പുറപ്പെട്ടത്. ഇവർ വ്യാഴാഴ്ച രാവിലെയോടെ തമിഴ്നാട്ടിലെ പട്ടണം ഹാർബറിൽ എത്തിച്ചേരുമെന്നാണ്‌ പ്രതീക്ഷിക്കുന്നുത്. കൊല്ലങ്കോട്, പൂവാർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് 'അത്ഭുതമാത' എന്നു പേരുള്ള മത്സ്യബന്ധബോട്ട്‌. ബോട്ടിനുള്ളിലേക്ക് കയറുന്ന കടൽ വെള്ളം അപ്പപ്പോൾ കോരി കളഞ്ഞാണ്‌ നാട്ടിലേക്കുള്ള ഇവരുടെ യാത്ര. 

ലക്ഷദ്വീപിൽ അകപ്പെട്ട ബോട്ട് നാട്ടിലെത്തിക്കാൻ സഹായം തേടി കടലിന്റെ മക്കൾ