കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരിച്ചത്. കുട്ടി വീടിന് മുന്നിലെ ഓടയിൽ വീഴുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം(Thiruvananthapuram) കുടപ്പനക്കുന്നിൽ (Kudappanakunnu) 10 വയസുകാരൻ ഓടയിൽ (ditch) വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരിച്ചത്. കുട്ടി വീടിന് മുന്നിലെ ഓടയിൽ വീഴുകയായിരുന്നു
ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്തി പേരൂർക്കട ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിൽ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. അച്ഛൻ കടയിലേക്ക് പോകാനിറങ്ങിയപ്പോൾ കൂടെ ഇറങ്ങിയതാണ് ദേവും. മടങ്ങിപ്പോകാൻ അച്ഛൻ ആവശ്യപ്പെട്ടപ്പോൾ ദേവ് വീട്ടിലേക്ക് പോയി. പിന്നീട് കുട്ടിയെ കാണാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. ദേവ് വീട്ടിൽ നിന്ന് തിരിച്ചിറങ്ങിയിരുന്നുവെന്ന് മനസ്സിലായതോടെ ഓടയിൽ തെരച്ചിൽ തുടങ്ങിയത്. ഒരു മണിക്കൂറോളം നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിനൊടുവിൽ ഒരു കിലോ മീറ്റർ അകലെയുള്ള കുളത്തിന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായ ദേവ് പട്ടം ഗവ എച്ച് എസ് എസിലെ വിദ്യാർത്ഥിയാണ്. മഴ പെയ്താൻ ഓടയും റോഡും തമ്മിൽ തിരിച്ചറിയാനാവാത്ത അവസ്ഥയാണ് പാതിരിപ്പള്ളിയിലെ കൊടൈപാർക്ക് ലൈനിൽ എന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളം നിറഞ്ഞൊഴുകുന്ന ഇവിടെ ഓട സ്ലാബ് ഇട്ട് മൂടാനും അധികൃതർ തയ്യാറായിട്ടില്ല. ശ്രീലാലിന്റെ ദിവ്യയുടെയും മകനാണ് ദേവ്.
