ബിസിനസ് ലിസ്റ്റിംഗ് പ്ലാറ്റ്‌ഫോം എന്നതിലുപരി, പ്രാദേശിക വ്യാപാര മേഖല, പൊതുജനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സേവനദാതാക്കള്‍, ഇവന്റ് മാനേജ്‌മെന്റ് ടീമുകള്‍, ഹോസ്റ്റിങ് സേവനങ്ങള്‍, ഹോട്ടലുകള്‍, ക്ലിനിക്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചെറുകിട സംരംഭങ്ങള്‍ ഒരേ ഡിജിറ്റല്‍ കുടക്കീഴില്‍ എത്തിക്കുന്ന സമഗ്ര നഗര ഇക്കോസിസ്റ്റമാണ് ഈ വെബ് അപ്ലിക്കേഷന്‍.

തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെത്തുന്നവര്‍ക്ക് നല്ല ഭക്ഷണം, മികച്ച തുണിത്തരങ്ങള്‍, മികച്ച ആരോഗ്യ സേവനം, മികച്ച വിദ്യാഭ്യാസം തുടങ്ങി ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും എവിടെ കിട്ടും എന്നത് സംബന്ധിച്ച സമഗ്രമായ വിവരങ്ങളെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന വാട്‌സ്അപ്.സിറ്റി (Whtzup.city) വെബ് അപ്ലിക്കേഷന്‍ പുറത്തിറക്കി. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലൈഫ്ആര്‍ട് ബിസിനസ് സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡാണ് അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. വ്യാപാരസ്ഥാപനങ്ങള്‍ക്കും സേവനദാതാക്കള്‍ക്കും ഈ വെബ് അപ്ലിക്കേഷനില്‍ തങ്ങളുടെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന പ്രൊഫൈലുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉത്പനങ്ങളോ സേവനങ്ങളോ തിരഞ്ഞെടുത്ത് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ അതാത് സ്ഥാപനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാമെന്നതാണ് ആപ്പിന്‍റെ പ്രത്യേകത.

ഒരു ബിസിനസ് ലിസ്റ്റിംഗ് പ്ലാറ്റ്‌ഫോം എന്നതിലുപരി, പ്രാദേശിക വ്യാപാര മേഖല, പൊതുജനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സേവനദാതാക്കള്‍, ഇവന്റ് മാനേജ്‌മെന്റ് ടീമുകള്‍, ഹോസ്റ്റിങ് സേവനങ്ങള്‍, ഹോട്ടലുകള്‍, ക്ലിനിക്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചെറുകിട സംരംഭങ്ങള്‍ തുടങ്ങി എല്ലാവരെയും ഒരേ ഡിജിറ്റല്‍ കുടക്കീഴില്‍ എത്തിക്കുന്ന സമഗ്ര നഗര ഇക്കോസിസ്റ്റമായിട്ടാണ് ഈ വെബ് അപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കസ്റ്റമൈസേഷന്‍ സംവിധാനമാണ്. ഓരോ ബിസിനസിനും അവരുടെ മേഖലക്ക് അനുയോജ്യമായ രീതിയില്‍ സേവനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, ഓഫറുകള്‍, പ്രത്യേക വിവരങ്ങള്‍ എന്നിവ വ്യക്തിഗതമായി ചേര്‍ക്കാനാകും. ഒരു റെസ്റ്റോറന്റിന് ഭക്ഷണ വിവരങ്ങളും ഓഫറുകളും പ്രദര്‍ശിപ്പിക്കാനാകുമ്പോള്‍, വസ്ത്രവ്യാപാര സ്ഥാപനത്തിന് വസ്ത്രങ്ങളുടെ സൈസ്, ബ്രാന്‍ഡ്, ഓഫര്‍ വിവരങ്ങള്‍ ചേര്‍ക്കാനാകും. അതുപോലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് ഇവന്റ് വിവരങ്ങള്‍, ഹോസ്റ്റിങ് സേവനദാതാക്കള്‍ക്ക് അവരുടെ പാക്കേജുകള്‍, ക്ലിനിക്കുകള്‍ക്ക് സേവനസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കോഴ്‌സ് വിവരങ്ങള്‍ എന്നിവ പ്രത്യേകം ക്രമീകരിക്കാനാകും.

പ്രാദേശിക ചെറുകിട വ്യാപാരികള്‍ക്കും പുതിയ സംരംഭങ്ങള്‍ക്കും കൂടുതല്‍ വിസിബിലിറ്റി നല്‍കുന്നു എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ മറ്റൊരു പ്രധാന നേട്ടം. വലിയ ബ്രാന്‍ഡുകള്‍ക്കൊപ്പം ചെറിയ കടകള്‍ക്കും, നാട്ടിന്‍പുറങ്ങളിലെ സേവനദാതാക്കള്‍ക്കും, ഹോം ബിസിനസുകള്‍ക്കും തങ്ങളുടെ സേവനങ്ങള്‍ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാനുള്ള അവസരം ലഭിക്കും. ഇതിലൂടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും, പ്രാദേശിക വ്യാപാര വളര്‍ച്ചയ്ക്ക് പിന്തുണ ലഭിക്കാനും സാധിക്കും. പൊതുജനങ്ങള്‍ക്ക് ആവശ്യമായ ലൈവ് വിവരങ്ങള്‍ അതിവേഗത്തില്‍ കൈമാറാന്‍ കഴിയുന്ന ലൈവ് നോട്ടിഫിക്കേഷന്‍ സംവിധാനം ഈ ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്.

സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നഗരസഭകള്‍ക്കും റോഡ് ബ്ലോക്കുകള്‍, ട്രാഫിക് നിയന്ത്രണങ്ങള്‍, അടിയന്തര അറിയിപ്പുകള്‍, സബ്‌സിഡി വിവരങ്ങള്‍ തുടങ്ങിയവ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനാകും. ഇതിലൂടെ പൊതുജനങ്ങളും ഭരണ സംവിധാനങ്ങളും തമ്മിലുള്ള സിവിക് ഗ്യാപ് കുറയ്ക്കുകയും കൂടുതല്‍ സുതാര്യമായ ആശയവിനിമയ സംവിധാനം ഒരുക്കുകയും ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് റേറ്റിംഗുകളും അഭിപ്രായങ്ങളും രേഖപ്പെടുത്താനും ഈ അപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. അപ്ലിക്കേഷനില്‍ പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്കും സേവനദാതാക്കള്‍ക്കും അപ്ലിക്കേഷന്‍ വഴി ലഭിച്ച് ഉപഭോക്താക്കളുടെ എണ്ണം അടക്കമുള്ള വിവരങ്ങള്‍ മോണിറ്റര്‍ ചെയ്യാനുള്ള വിപുലമായ ഡാഷ് ബോര്‍ഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. തുടക്കത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ വിവരങ്ങളാണ് അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.