തൊടുപുഴയിലെ ഒരു സ്കൂളിന്‍റെ ബിൽഡിംഗിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്.

തൊടുപുഴ: ഇടനിലക്കാരൻ മുഖേന കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇടുക്കി തൊടുപുഴ മുനിസിപ്പൽ അസിസ്റ്റന്റ് എഞ്ചിനീയർ ടി.സി അജി വിജിലൻസ് പിടിയിൽ. സ്കൂളിന്‍റ് ബിൽഡിംഗിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. ഇടനിലക്കാരൻ മുഖേനയാണ് കൈക്കൂലി വാങ്ങിയത്. ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതറിഞ്ഞ് വിജിലൻസ് തന്ത്രപൂർവം കാത്തിരുന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

മുട്ടത്തുള്ള ജില്ലാ വിജിലൻസ് യൂണിറ്റിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തൊടുപുഴ ബി.റ്റി.എം. എൽ.പി സ്കൂളിന് വേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിനായി സ്കൂൾ മാനേജർ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ മാസം അപേക്ഷ സമർപ്പിച്ചിരുന്നു. ഈ ആവശ്യത്തിനായി ഓരോ പ്രാവശ്യം ഓഫീസിൽ ചെല്ലുമ്പോഴും പല കാര്യങ്ങൾ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇന്നലെ മാനേജർ ഫോൺ മുഖാന്തിരം അജി.സി.റ്റി-യെ ബന്ധപ്പെട്ടപ്പോൾ ഒരു ലക്ഷം രൂപ കൈക്കൂലിയുമായി ഇന്ന് ഓഫീസിലെത്താൻ ആവശ്യപ്പെട്ടു.

മാനേജർ സ്ഥലത്തില്ലായെന്ന് അറിയിച്ചപ്പോൾ ആരുടെയെങ്കിലും കൈവശം പണം കൊടുത്തു വിട്ടാൽ മതിയെന്നും അറിയിച്ചു. വിവരം വിജിലൻസിൽ റിപ്പോർട്ട് ചെയ്യുവാൻ സ്കൂൾ മാനേജർ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടു. തുടർന്നാണ് കൈക്കൂലി കൈമാറാനെത്തിയ ഏജന്റായ റോഷനെയും അസി. എഞ്ചിനീയറായ അജി.സി.റ്റിയെയും വിജിലൻസ് കൈയ്യോടെ പിടികൂടിയത്.. അറസ്റ്റ് ചെയ്ത പ്രതികളെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Read More : മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു