കല്‍പ്പറ്റ മേപ്പാടിയില്‍ എസ്റ്റേറ്റില്‍ നിന്ന് ഒന്നേകാല്‍ ലക്ഷത്തോളം വിലമതിക്കുന്ന അലുമിനിയം പൈപ്പുകളും കാപ്പിക്കുരുവും മോഷ്ടിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനേജരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും പ്രതികളെ കണ്ടെത്താന്‍ സഹായിച്ചു.
കല്‍പ്പറ്റ: ഒന്നേകാല്‍ ലക്ഷത്തോളം വിലമതിക്കുന്ന അലുമിനിയം പൈപ്പുകളും 20,000 രൂപയോളം വില വരുന്ന ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ച് കടത്തിയവര്‍ പിടിയില്‍. മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. മേപ്പാടി താഴെ അരപ്പറ്റ സ്വദേശികളായ ചോലക്കല്‍ വീട്ടില്‍ സി.കെ. വിനോദ്(51), പുതുപറമ്പില്‍ വീട്ടില്‍ പി. സിറാജ്(42) എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. വാളത്തൂരിലുള്ള ഒരു എസ്റ്റേറ്റിലാണ് പല ദിവസങ്ങളിലായി മോഷണം നടന്നത്. മാനേജരുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് വിരലടയാളമടക്കമുള്ള തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് പ്രതികളിലേക്ക് എത്തിയത്.
എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തിലും റിസോര്‍ട്ടിലുമാണ് മോഷണം നടന്നത്. കഴിഞ്ഞ മാസം എട്ടാം തീയ്യതി മുതല്‍ വിവിധ ദിവസങ്ങളിലുമായി രാത്രി എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തില്‍ നിന്നും 1,12,500 രൂപയോളം വില വരുന്ന 45 അലുമിനിയം പൈപ്പുകള്‍ ഇവര്‍ മോഷ്ടിച്ച് വാഹനത്തില്‍ കടത്തുകയായിരുന്നു. തുടര്‍ന്ന് ഇതേ മാസം 22ാം തീയതി രാത്രി എസ്റ്റേറ്റിലുള്ള റിസോര്‍ട്ടിലും സംഘം മോഷണം നടത്തി. സ്റ്റോര്‍ റൂമിന്റെ പൂട്ട് പൊളിച്ച് സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കാപ്പി ചാക്കുകളില്‍ നിന്നും 20,000 രൂപ വില വരുന്ന ഉണ്ടക്കാപ്പിക്കുരുവാണ് മോഷ്ടിച്ചത്. പരാതി ലഭിച്ച ശേഷം ഫിംഗര്‍പ്രിന്റ് എക്സ്പേര്‍ട്ട്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സംഭവ സ്ഥലങ്ങള്‍ പരിശോധിച്ചു. നിരവധിയിടങ്ങളിലെ സിസിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.


