മാട്ടുപ്പെട്ടി, കുണ്ടള, ഫോട്ടൊപോയിന്റ്, എക്കോപോയിന്റ്, കൊരണ്ടിക്കാട് തുടങ്ങിയ ഇടങ്ങളിലൊക്കെയായിരുന്നു കുതിരസവാരി നടന്ന് വന്നിരുന്നത്...

ഇടുക്കി: കൊവിഡ് ആശങ്കയില്‍ മൂന്നാറിന്റെ വിനോദ സഞ്ചാരമേഖല പാടെ നിശ്ചലമാണ്. സഞ്ചാരികള്‍ എത്താതായതോടെ വലിയ രീതിയില്‍ പ്രതിസന്ധിയിലായൊരു വിഭാഗം ആളുകളാണ് മൂന്നാറിന്റെ പരിസരപ്രദേശങ്ങളില്‍ കുതിരസവാരി നടത്തി ഉപജീവനം കഴിച്ചിരുന്നവര്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ചുവെന്ന് മാത്രമല്ല കുതിരക്ക് ദിവസവും ഭക്ഷണം നല്‍കുവാന്‍ പോലും ഇവര്‍ ബുദ്ധിമുട്ടുന്നു.

മാട്ടുപ്പെട്ടി, കുണ്ടള, ഫോട്ടൊപോയിന്റ്, എക്കോപോയിന്റ്, കൊരണ്ടിക്കാട് തുടങ്ങിയ ഇടങ്ങളിലൊക്കെയായിരുന്നു കുതിരസവാരി നടന്ന് വന്നിരുന്നത്. ദിവസവും പത്ത് കിലോയോളം തവിട് കുതിരക്ക് ഭക്ഷണമായി നല്‍കേണ്ടതുണ്ട്.1300 രൂപയാണ് ഒരു ചാക്ക് തവിടിന് വില. മതിയായ രീതിയില്‍ ഭക്ഷണം നല്‍കാന്‍ കഴിയാതെ വന്നതോടെ പലരുടെയും കുതിരകള്‍ മെലിഞ്ഞ് തുടങ്ങി. കുതിരക്ക് ഭക്ഷണം നല്‍കേണ്ടതിനൊപ്പം കുതിരസവാരികാര്‍ക്ക് കുടുംബവും നോക്കേണ്ടതുണ്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കുടുംബമെങ്ങനെ മുമ്പോട്ട് കൊണ്ടുപോകുമെന്ന ആശങ്ക ഇവര്‍ പങ്ക് വയ്ക്കുന്നു.