'പ്രായപൂര്‍ത്തിയാകും മുമ്പും പീഡിപ്പിച്ചു', വിവാഹ വാഗ്ദാനം നൽകി, കൊല്ലം സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റ്

തിരുവനന്തപുരം: ഓൺലൈൻ വഴി സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചയാളെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പെരുമാതുറ ബീച്ച് റോഡ് തെരുവിൽവീട്ടിൽ സുനിലാണ് (33) അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടി പ്രായപൂർത്തിയാകുന്നതിനു മുൻപും ഇയാൾ നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. 

കുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം നടന്നത് എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തത്. പൊലീസ് കേസ് എടുത്തതോടെ ഒളിവിൽപ്പോയ പ്രതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ സേലത്തുനിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഒമ്പതുകാരിക്കു നേരെ ലൈംഗികാതിക്രമം; 57കാരന് 11 വര്‍ഷം തടവ്

അതേസമയം, ചേര്‍ത്തലയിൽ ഒമ്പതുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 11 വര്‍ഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 13-ാം വാര്‍ഡ് ഇല്ലിക്കല്‍ചിറ ബാബുവി(57)നെയാണ് ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പിഴയടക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2022 ഏപ്രില്‍ 15നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിഷ് ചാര്‍ജ്ജ് ചെയ്യുന്നതിന് വിഷുവിന്റെ തലേന്ന് അപ്പുപ്പനൊപ്പം പോയി തിരിച്ചുവരുമ്പോള്‍ ഇടവഴിയില്‍ വച്ച് പ്രതി കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്. വീട്ടിലെത്തിയ കുട്ടി വിവരം അമ്മൂമ്മയോട് പറയുകയും ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അമ്മ വിവരമറിഞ്ഞെത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു. 19 സാക്ഷികളെയും 14 രേഖകളും ഹാജരാക്കി. പൂച്ചാക്കല്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ ജെ ജേക്കബ് അന്വേഷിച്ച കേസില്‍ വനിതാ എസ്‌ഐ ശ്രീദേവി, സിപിഒമാരായ ടെല്‍സന്‍ തോമസ്, അനില്‍ ബി, നിസ്സാര്‍വി എച്ച്, വിനിത എന്നിവര്‍ അന്വേഷണത്തില്‍ പങ്കാളികളായി. പൂച്ചാക്കല്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ്, സുനിത എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബീന കാര്‍ത്തികേയന്‍, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം