Asianet News MalayalamAsianet News Malayalam

പലിശ മുടങ്ങിയതിന് കടം വാങ്ങിയ യുവാവിനെ കത്തികൊണ്ട് വരഞ്ഞ് ബൈക്ക് കവര്‍ന്നു; പ്രതികള്‍ പിടിയില്‍

മുഹമ്മദ് റാഫിയുടെ പക്കല്‍ നിന്ന് ഷെമീര്‍ നേരത്തെ 10,000 രൂപ കടം വാങ്ങിയിരുന്നു. ദിവസവും ആയിരം രൂപ പലിശക്കാണ് പണം നല്‍കിയത്.

Three arrested for attacking Youth
Author
First Published May 29, 2024, 9:54 PM IST

കോഴിക്കോട്: പണം കടം വാങ്ങിയ യുവാവിനെ പലിശ മുടങ്ങിയതിന്റെ പേരില്‍ കത്തികൊണ്ട് ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഷെമീറിനെയാണ് കത്തികൊണ്ട് ദേഹത്ത് വരയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ മൂന്ന് പേരെ കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പന്നിയങ്കര ചക്കുംകടവ് സ്വദേശിയായ മുഹമ്മദ് റാഫി (32), താരിഖ്(34), പുതിയങ്ങാടി സ്വദേശി ശരത്(30) എന്നിവരാണ് പിടിയിലായത്.

മുഹമ്മദ് റാഫിയുടെ പക്കല്‍ നിന്ന് ഷെമീര്‍ നേരത്തെ 10,000 രൂപ കടം വാങ്ങിയിരുന്നു. ദിവസവും ആയിരം രൂപ പലിശക്കാണ് പണം നല്‍കിയത്. എന്നാല്‍ രണ്ട് ദിവസമായി പലിശ നല്‍കിയിരുന്നില്ല. ഇന്നലെ രാത്രി പതിനൊന്നോടെ വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്കിന് സമീപം വെച്ച് ഷെമീറും റാഫിയും തമ്മില്‍ ഇതുസംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് താരിഖിന്റെയും ശരത്തിന്റെയും സഹായത്തോടെ ആക്രമിക്കുകയുമായിരുന്നു. കത്തി ഉപയോഗിച്ച് തന്റെ നെഞ്ചില്‍ വരഞ്ഞതായും കണ്ണിനും ചെവിയിലും മര്‍ദ്ദിച്ചതായും ഷെമീര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച സുഹൃത്ത് സമീറിനും പരിക്കേറ്റിട്ടുണ്ട്.

Read More... വഴിത്തർക്കം; വയോധികയെ സിപിഐ ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി

കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മുഹമ്മദ് റാഫിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. താരിഖിനെയും ശരത്തിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ്  അറസ്റ്റ് രേഖപ്പെടുത്തിയത്. നടക്കാവ് പൊലീസ് എസ്.ഐമാരായ ലീല വേലായുധന്‍, ബിനു മോഹന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ്, ശ്രീകാന്ത്, സജല്‍ ഇഗ്നേഷ്യസ്, അജീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios