ചേർത്തല: സൈക്കിളിൽ പോയ ഗൃഹനാഥനെ തടഞ്ഞുനിർത്തി കഴുത്തിലെ മാല പൊട്ടിച്ചു കടന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തെക്ക് പഞ്ചായത്ത് 15–ാം വാർഡ് ചിറയിൽ സുധീഷ് (വെരുക് – 29), കൊച്ചുപറമ്പിൽ കെ. എസ്. അജിത്ത് (പശ – 26), 14–ാം വാർഡ് വനസ്വർഗത്തുവെളി സലിമോൻ (ലാലൻ – 37) എന്നിവരെയാണ് അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 26ന് രാത്രി ഒൻപതരയോടെ കണിച്ചുകുളങ്ങര പൊഴിക്കൽ ഭാഗത്തായിരുന്നു സംഭവം. 

മാരാരിക്കുളം വടക്ക് പഞ്ചായത്ത് 8–ാം വാർഡ് സായൂജ്യം വീട്ടിൽ അനിരുദ്ധന്റെ (59) മൂന്ന് പവൻ സ്വർണ്ണ മാലയാണ് പൊട്ടിച്ചുകടന്നത്. അനിരുദ്ധൻ വീട്ടിലേക്കു പോകുന്നതിനിടെ സുധീഷും അജിത്തും പിറകിലൂടെ ബൈക്കിലെത്തി സൈക്കിളിന് കുറുകെയിട്ട് തടഞ്ഞ് മാല തട്ടിപ്പറിച്ചു കടക്കുകയായിരുന്നു. മാല സൂക്ഷിച്ച്, വിൽക്കാൻ ശ്രമിച്ചയാളാണ് സലിമോനെന്നും സുധീഷും അജിത്തും വേറെയും കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് അർത്തുങ്കൽ എസ്ഐ കെ. ശിവപ്രസാദ്, വിനോഷ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.