Asianet News MalayalamAsianet News Malayalam

മൂന്ന് കേസുകള്‍; പിടിച്ചെടുത്തത് അഞ്ച് കിലോയോളം കഞ്ചാവ്

മുൻപ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിട്ടുള്ള ഇവർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം വീണ്ടും കഞ്ചാവ് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു

three arrested for marijuaana sale
Author
Kozhikode, First Published Oct 6, 2018, 7:19 PM IST

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മൂന്ന് വ്യത്യസ്ത കേസുകളില്‍ അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്നുപേരെ പൊലീസ് പിടികൂടി. 2.300 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് പയ്യാനക്കൽ സ്വദേശി എം.പി ഹൗസിൽ അൻവർ സാദത്ത് എന്ന റൂണി(25) യെ കോഴിക്കോട് രണ്ടാം നമ്പർ റെയിൽവേ ഗേറ്റ് പരിസരത്തുനിന്ന് കോഴിക്കോട് ടൗൺ എസ്.ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ ടൗൺ പൊലീസും ജില്ലാ ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്നാണ് പിടികൂടിയത്.

കസബ എസ് ഐ സിജിത്തിന്റെ നേതൃത്വത്തിൽ പന്തീരങ്കാവ് പുത്തൂർമഠം സ്വദേശി കുഴിപ്പള്ളി മീത്തൽ മുഹമ്മദ് യൂനസിനെ (36 )  ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപം വെച്ച് 1.300 കിലോഗ്രാം കഞ്ചാവുമായി കസബ പൊലീസും സൗത്ത് അസിസ്റ്റന്‍റ് കമ്മീഷണറുടെ ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി.

കസബ അഡീഷണൽ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപമുള്ള കടയുടെ വരാന്തയിൽ നിന്ന് വെള്ളിമാടുകുന്ന് മുരിങ്ങയിൽ പൊയിൽ പ്രിൻസി (32) നെ 1.130 കിലോഗ്രാം കഞ്ചാവുമായി കസബ പോലീസും ഡൻസാഫും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

ആന്ധ്രാപ്രദേശ്, ഒറീസ, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് ഇവർ വിൽപനക്കായി കഞ്ചാവ് കോഴിക്കോട് എത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഞ്ചാവ് 500 രൂപയുടെ ചെറു പൊതികളാക്കി വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് ഡൻസാഫിന്റെ ചാർജ് ഉള്ള കോഴിക്കോട് നോർത്ത് അസി. കമ്മീഷണർ പൃഥ്വിരാജ്  അറിയിച്ചു.

ടൗൺ എസ്ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ ടൗൺ സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷ്കുമാർ സിവിൽ പൊലീസ് ഓഫീസർമാരായ ഫൈസൽ, നിഖിൽ ഡൻസാഫ്  അംഗങ്ങളായ എഎസ്ഐ അബ്ദുൾ മുനീർ, മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, നവീൻ.എൻ, ജോമോൻ കെ.എ എന്നിവരടങ്ങിയ സംഘമാണ് അൻവറിനെയും അറസ്റ്റ് ചെയ്തത്. പാളയം, ശ്രീകണ്ഠേശ്വരം ക്ഷേത്രപരിസരം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ചെറു പൊതികളാക്കി ചില്ലറ വിൽപ്പന നടത്തുകയാണ് പ്രിൻസിന്റെ രീതി.

കസബ അഡീഷണൽ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തിൽ കസബ സ്റ്റേഷനിലെ പൊലീസുകാരായ ഷിനിൽ ദാസ്, സജീവൻ, ബിനിൽകുമാർ എന്നിവരും ഡൻസാഫ് അംഗങ്ങളായ രാജീവൻ.കെ, രതീഷ്.കെ ,സോജി.പി, രജിത്ത് ചന്ദ്രൻ, ജിനേഷ്.എം, സുമേഷ്.എ.വി, എന്നിവർ ചേർന്നാണ് പ്രിൻസിനെ പിടികൂടിയത്.

മധുരയിൽ നിന്ന് കഞ്ചാവ് കോഴിക്കോട് എത്തിച്ച് പന്തീരങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളിൽ  വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് യൂനിസ്. കസബ എസ്ഐ സിജിത്തിന്റെ നേതൃത്വത്തിൽ കസബ സ്റ്റേഷനിലെ പൊലീസുകാരായ സജീവൻ, ജിനീഷ്, അനൂജ് സൗത്ത് ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, അബ്ദു റഹിമാൻ, കെ.മനോജ്, രൺധീർ.ഇ, സുജിത് സി.കെ, ഷാഫി എന്നിവർ ചേർന്നാണ് യൂനിസിന്റെ പിടികൂടിയത്.

മുൻപ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിട്ടുള്ള ഇവർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം വീണ്ടും കഞ്ചാവ് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. ഇവരെല്ലാംതന്നെ കുറച്ചുകാലങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios