മലമാനിന്‍റെ എണ്‍പത് കിലോ ഇറച്ചിയും വേട്ടയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന തോക്ക്, തിരകള്‍, വെട്ടുകത്തി, ടോര്‍ച്ച്, കയര്‍ തുടങ്ങിയവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 

കല്‍പ്പറ്റ: തിരുനെല്ലിയില്‍ കാട്ടില്‍ മലമാനിനെ വേട്ടയാടി മടങ്ങുന്നതിനിടെ മൂന്നംഗസംഘം വനംവകുപ്പിന്‍റെ പിടിയിലായി. ദ്വാരക എ.കെ. ഹൗസ് മുസ്തഫ (45), സുല്‍ത്താന്‍ബത്തേരി അമ്പലവയല്‍ പടിക്കത്തൊടി പി.എം. ഷഫീര്‍ (30), തരുവണ കൊടക്കാട് അബ്ദുള്‍സാലിം (37) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. 

മലമാനിന്‍റെ എണ്‍പത് കിലോ ഇറച്ചിയും വേട്ടയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന തോക്ക്, തിരകള്‍, വെട്ടുകത്തി, ടോര്‍ച്ച്, കയര്‍ തുടങ്ങിയവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച ബൈക്കുകളും പിടിച്ചെടുത്തവയില്‍പ്പെടുന്നു. സംഘം വനത്തിനുള്ളില്‍ കടന്നതായി വനം ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. 

ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെ രണ്ട് ചാക്കുകളിലായി വേട്ടയാടിയ ഇറച്ചിയുമായി മൂന്നംഗ സംഘം ഉദ്യോഗസ്ഥരുടെ മുന്നില്‍പ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയില്‍ രണ്ട് പേരെ അവിടെ വച്ച് തന്നെ പിടികൂടി. രക്ഷപ്പെട്ട ഒരാളെ അരണപ്പാറയില്‍ നിന്ന് പിന്നീടാണ് പിടികൂടിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയതിന്‍റെ പശ്ചാത്തലത്തില്‍ വനത്തിനുള്ളില്‍ പരിശോധന കുറഞ്ഞത് സംഘം മുതലെടുക്കുകയായിരുന്നുവെന്ന് കരുതുന്നത്. തുടര്‍ന്നും പരിശോധന ശക്തമാക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona