കൊച്ചി: അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് നോമ്പുതുറവിഭവങ്ങള്‍ വാങ്ങാനെത്തിയയാളടക്കം മൂന്ന് പേര്‍ മരിച്ചു. എറണാകുളം മുട്ടത്താണ് സംഭവം. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇവര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. മുട്ടം സ്വദേശി കുഞ്ഞുമോൻ, തൃക്കാക്കര സ്വദേശി മജേഷ്, മജേഷിന്‍റെ പതിനൊന്ന് വയസുകാരിയായ മകള്‍ അര്‍ച്ചന എന്നിവരാണ് മരിച്ചത്. 

വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. അങ്കമാലിയില്‍ നിന്നും ചേരാനല്ലൂരിലേക്ക് പോയ ഇടുക്കി സ്വദേശി രഘുനാഥ് ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ വഴിയരികിൽ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ച ശേഷം സമീപത്തെ പെട്ടിക്കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഓട്ടോ റിക്ഷയുടെ പിറകിലായി റോഡിൽ നിന്നവരാണ് അപകടത്തിൽ മരിച്ച മൂന്ന് പേരും. 

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കണ്ടു മടങ്ങിയ മജേഷും മകളും റോഡരികിൽ പലഹാരം വാങ്ങാനായി ഇറങ്ങിയതായിരുന്നു. നോമ്പ് തുറ വിഭവങ്ങൾ വാങ്ങാനെത്തിയതായിരുന്നു മുട്ടം സ്വദേശി കുഞ്ഞുമോൻ. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. കാറിൻറെ അമിത വേഗമാണ് അപകടകാരണമാണ് ദൃക്സാക്ഷികൾ ആരോപിക്കുന്നത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമല്ല. കാറോടിച്ചിരുന്ന രഘുനാഥ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.