കല്‍പ്പറ്റയ്ക്കടുത്തുള്ള  വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയില്‍  മദ്യം കഴിച്ചതിനെ തുടർന്ന് മൂന്ന് പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. 

കല്‍പ്പറ്റ: കല്‍പ്പറ്റയ്ക്കടുത്തുള്ള വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയില്‍ മദ്യം കഴിച്ചതിനെ തുടർന്ന് മൂന്ന് പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. മരിച്ച പിഗിനായിക്ക് മന്ത്രവാദ പൂജയ്ക്കായി മദ്യമെത്തിച്ച മാനന്തവാടി സ്വദേശിയും മരിച്ച പിഗിനായിയെ മന്ത്രവാദ പൂജയ്ക്ക് സഹായിക്കാനെത്തിയ ആളുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലാണ് ഇരുവരുമുള്ളതെന്നാണ് ലഭ്യമായ വിവരം.

പൂജയ്ക്കിടയില്‍ മദ്യ കുപ്പി തുറന്നിരുന്നതായി പോലീസ് കണ്ടെത്തിയതാണ് മരണം കൊലപാതകമാണെന്ന നിഗമനത്തിലെക്ക് നയിച്ചത്. ഇതോടെ മൂന്ന് പേരുടെയും മരണം കൊലപാതകമാണെന്ന് സംശയം വര്‍ദ്ധിപ്പിച്ചു. മദ്യത്തില്‍ വിഷം കലര്‍ത്തിയതാണെന്ന് സംശയമുണ്ട്. 

അതേ സമയം വിഷ മദ്യദുരന്തമല്ലെന്ന നിലപാടാണ് പോലീസിനുള്ളത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമായ 1848 എന്ന പേരിലുള്ള ബ്രാന്‍ഡിയാണ് മൂവരും കഴിച്ചിട്ടുള്ളത്. ഈ മദ്യത്തില്‍ ഏത് തരം വിഷ പദാര്‍ത്ഥമാണ് കലര്‍ത്തിയതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യം പരിശോധിച്ചു വരികയാണെന്ന് വെള്ളമുണ്ട പോലീസ് അറിയിച്ചു. മദ്യത്തിന്റെ സാമ്പിള്‍ നേരത്തെ പോലീസ് ശേഖരിച്ചിരുന്നു.

മരിച്ചവരുടെ ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ തുടരുകയാണ്. മൃതദ്ദേഹം കോഴിക്കോട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായതിന് ശേഷം കോളനിയിലടക്കം വിശദമായ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. ഒപ്പം കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്യും. 

വാരാമ്പറ്റ കൊച്ചാറ കോളനിയിലെ പിഗിനായി (65), മകന്‍ പ്രമോദ് (36), ഇവരുടെ ബന്ധുവും അതേ കോളനിയിലെ താമസക്കാരനുമായ മാധവന്‍റെ മകന്‍ പ്രസാദ് (38) എന്നിവരാണ് മരിച്ചത്. പിഗിനായിക്ക് വീടുകളില്‍ മന്ത്രവാദ പൂജകള്‍ ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇന്നലെ കോളനിയില്‍ വച്ചുണ്ടായ മന്ത്രവാദ പൂജയ്ക്ക് ശേഷം മദ്യപിച്ചിരുന്ന പിഗിനായി ഇന്നലെ വൈകീട്ടോടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. 

പിഗിനായിയുടെ മരണത്തിന് പിന്നാലെ ഇന്നലെ രാത്രി 10 മണിയോടെ പ്രമോദും പ്രസാദും കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയില്‍ വെച്ചും മരിക്കുകയായിരുന്നു. ഇവര്‍ ഇരുവരും മന്ത്രവാദത്തിനായി കൊണ്ടു വന്ന മദ്യം കുടിച്ചിരുന്നു.