ആലപ്പുഴ: കായംകുളം കൃഷ്ണപുരം ഓട്ടോകാഡ് വർക്ക്ഷോപ്പിൽ കയറി സെക്യൂരിറ്റി ജീവനക്കാരൻ രാമചന്ദ്രൻപിളളയെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസില്‍ മൂന്ന് പേര്‍ പിടിയിലായി. കായംകുളം ചിറക്കടവം മുപ്പളളിൽ വീട്ടിൽ അമൽ കൃഷ്ണൻ (20), കായംകുളം മത്സ്യമാർക്കറ്റിന് സമീപം പുത്തൻകണ്ടത്തിൽ പാരഡൈസ് വീട്ടിൽ പുട്ട് അജ്മൽ എന്നു വിളിക്കുന്ന അജ്മൽ (21), കായംകുളം ചേരാവളളി അവളാട്ട് കിഴക്കതിൽ ഉണ്ണി എന്നു വിളിക്കുന്ന അശ്വിൻ കൃഷ്ണൻ (22) എന്നിവരാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 

അജ്മൽ കായംകുളം ഹൈവേ പാലസിന് സമീപം യുവാവിനെ കാർ കയറ്റി കൊന്നതുൾപ്പെടെയുളള കേസുകളിൽ പ്രതിയാണ്. ഇയാളുടെ പേരിൽ ഗുണ്ടാ ആക്ട് പ്രകാരമുളള നടപടികൾ സ്വീകരിക്കുമെന്ന് കായംകുളം സി ഐ അറിയിച്ചു. കായംകുളം സി ഐ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ഷൈജു, ജിതിൻ കുമാർ, അജ്മൽ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.