തിരുവനന്തപുരം: നാല്‍പ്പതടി താഴ്ചയുള്ള കിണറ്റില്‍ വീണ മൂന്നര വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കിണറ്റിലെ പൈപ്പില്‍ തൂങ്ങിപ്പിടിച്ച് കിടന്നാണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പാറശാലയിലാണ് സംഭവം. നിറയെ വെള്ളമുണ്ടായിരുന്ന കിണറ്റിലേക്ക് അബദ്ധവശാല്‍ വീണുപോകുകയായിരുന്നു കുട്ടി. നിമിഷങ്ങള്‍ക്കകം ഓടിയെത്തിയ അയല്‍വാസിയുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞ് ലിവാനോയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. പൊഴിയൂര്‍ പൊലീസ് സ്റ്റേഷന് സമീപം പ്ലാങ്കാലവിള വീട്ടില്‍ ക്രിസ്റ്റഫറിന്‍റെയും  മിനിയുടെയും മകനാണ് ലിവാനോ.

വെള്ളിയാഴ്ച വൈകീട്ട് ബന്ധുവീട്ടില്‍ വച്ച് കുട്ടികളുമായി കളിക്കുന്നതിനിടെ  കിണറ്റിലേക്ക് എത്തിനോക്കിയപ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വച്ചു. ഇത് കേട്ട് അയല്‍വാസി ഓടിയെത്തുകയായിരുന്നു. അതുവരെ ലിവാനോ കിണറ്റിലെ പൈപ്പില്‍ തൂങ്ങി നിന്നു. കിണറ്റിലെ വെള്ളത്തിലേക്ക് വീണതിനാല്‍ പരിക്കുകളില്ലാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു.