രജീഷ് മൂന്ന് വധശ്രമ കേസുകളുള്‍പ്പെടെ അഞ്ചോളം കേസുകളിലും, അനൂപ് വധശ്രമം, കഞ്ചാവ് വില്‍പ്പന, കവര്‍ച്ച തുടങ്ങി ഏഴോളം കേസുകളിലും പ്രതികളാണ്.

ഇരിങ്ങാലക്കുട : തൃശ്ശൂരിൽ പൊലീസിന് തീരാ തലവേദനയായ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി. ആറാട്ടുപുഴ പല്ലിശേരി സ്വദേശി അമ്പാടത്ത് വീട്ടില്‍ രജീഷ് (42), പൊറത്തിശേരി പുത്തന്‍തോട് സ്വദേശി കുന്നമ്പത്ത് വീട്ടില്‍ അനൂപ് (28), പുല്ലൂര്‍ സ്വദേശി കൊടിവളപ്പില്‍ വീട്ടില്‍ ഡാനിയല്‍ (26) എന്നിവരെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തിയത്.

രജീഷ് മൂന്ന് വധശ്രമ കേസുകളുള്‍പ്പെടെ അഞ്ചോളം കേസുകളിലും, അനൂപ് വധശ്രമം, കഞ്ചാവ് വില്‍പ്പന, കവര്‍ച്ച തുടങ്ങി ഏഴോളം കേസുകളിലും, ഡാനിയല്‍ നാല് വധശ്രമക്കേസുകള്‍ ഉള്‍പ്പെടെ ആറോളം കേസുകളിലും പ്രതിയാണ്. സ്ഥിരം കുറ്റവാളികളായ പ്രതികൾക്കെതിരെ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയാണ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജയകുമാര്‍, ചേര്‍പ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, എ.എസ്.ഐ. ജ്യോതിഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

Read More :  താനൂരിൽ പൊലീസ് പട്രോളിങ്ങിനിടെ ഒരാൾ, വലിച്ച് കീറുന്നത് സിപിഎം കൊടി തോരണങ്ങൾ; പിടിയിലായത് ആർഎസ്എസ് പ്രവർത്തകൻ