Asianet News MalayalamAsianet News Malayalam

ബൈക്കിൽ കറങ്ങി നടന്ന് മാല മോഷണം; കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മാല പൊട്ടിച്ചതിന് ശേഷം രക്ഷപെട്ട കമിതാക്കൾ ബൈക്ക് കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ച്  മൂന്നാർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. 

Three youths arrested for chain snatching in alappuzha kayamkulam
Author
Alappuzha, First Published Oct 14, 2021, 12:23 AM IST

കായംകുളം: ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തിൽ കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കായംകുളം പത്തിയൂർ കിഴക്ക് വെളിത്തറവടക്ക് വീട്ടിൽ അൻവർ ഷാ ( 22 ), കോട്ടയം കൂട്ടിക്കൽ എന്തിയാർ ചാനക്കുടി വീട്ടിൽ ആതിര ( 24 ), കരുനാഗപ്പള്ളി തഴവ കടത്തുർ ഹരികൃഷ്ണഭവനത്തിൽ ജയകൃഷ്ണൻ ( 19 ) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് 26-ാം തീയതി ഉച്ചക്ക് പെരിങ്ങാല മേനാമ്പളളി മെഴുവേലത്ത് സജിത് ഭവനത്തിൽ സജീവന്റെ ഭാര്യ ലളിതയുടെ മാല പൊട്ടിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. 

ആതിരയും അൻവർ ഷായും കമിതാക്കളാണ്. ലളിത പെരിങ്ങാല വീട്ടിലേക്ക് നടന്നു പോകവേ ബൈക്കിലെത്തിയ കമിതാക്കളായ പ്രതികൾ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. മോഷണം നടത്തിയതിൻറെ തലേ ദിവസം തിരുവല്ലയിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ കായംകുളത്തെത്തിയ അൻവർഷായും ആതിരയും കായംകുളത്ത് കറങ്ങി നടന്ന് ഒരു ദിവസം കായംകുളത്ത് തങ്ങിയ ശേഷമാണ് ലളിതയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞത്. 

മാല പൊട്ടിച്ചതിന് ശേഷം രക്ഷപെട്ട കമിതാക്കൾ ബൈക്ക് കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ച്  മൂന്നാർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. തിരികെ എറണാകുളത്തെത്തിയതോടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. പ്രതികൾ പൊട്ടിച്ച മാല വിൽക്കാൻ സഹായിച്ചത് മൂന്നാം പ്രതി ജയകൃഷ്ണനാണ്. ജയകൃഷ്ണന്‍റെ മൊബൈൽ ഫോണാണ് ഒന്നാം പ്രതിയായ അൻവർ ഷാ ഉപയോഗിച്ചു വന്നിരുന്നത്. സി. സി. ടി. വി. ദൃശ്യങ്ങളും മൊബൈൽ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പൊലീസിന്റെ വലയിലായത്. 

ബാംഗ്ലൂരിന് സമീപം കോളാർ ജില്ലയിൽ കെ. ജി. എഫ് താലൂക്ക് ഭാഗത്ത് റോബർട്ട്സൺപെട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും എഴുപത് വയസ്സുള്ള വിരുതമ്മാൾ എന്ന വൃദ്ധയുടെ ഒമ്പത് പവൻ തൂക്കം വരുന്ന സ്വർണ്ണമാലും പ്രതികൾ മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കായംകുളം സി. ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്. ഐ. ആനന്ദ് കൃഷ്ണൻ, എഎസ്ഐ. ഉദയകുമാർ, പോലീസുകാരായ റെജി, ലിമു, മനോജ്, സതീഷ്, ബിനുമോൻ, ബിജുരാജ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോട തിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios