Asianet News MalayalamAsianet News Malayalam

മാലപൊട്ടിക്കൽ, വാഹനമോഷണം, പിടിച്ചുപറി; നിരവധി കേസുകളില്‍ പ്രതിയായ മൂന്ന് യുവാക്കള്‍ പിടിയില്‍

മോഷ്ടിച്ചതും, സുഹൃത്തുക്കളിൽ നിന്നും വാടകക്ക് എടുക്കുന്നതുമായ ന്യൂ ജെനറേഷൻ ബൈക്കുകൾ ഉപയോഗിച്ചാണ് സംഘം മാല പിടിച്ചുപറി നടത്തിയിരുന്നത്. 

three youths arrested for robbery in thiruvananthapuram
Author
Thiruvananthapuram, First Published Apr 1, 2021, 8:38 AM IST

തിരുവനന്തപുരം: നിരവധി മോഷണക്കേസുകളില്‍ പ്രതികളായ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളുടെ മാലപൊട്ടിക്കൽ, വാഹനമോഷണം, പിടിച്ചുപറി, പോക്സോ കേസ്സുകൾ ഉൾപ്പെടെ കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി കേസ്സുകളിലെ പ്രതികളാണ് പിടിയിലായത്.  കൊല്ലം സ്വദേശികളായയ അച്ചു എന്ന് വിളിക്കുന്ന മിഥുൻ( 24) , ഹാരിസ് എന്ന് വിളിക്കുന്ന ഷാനവാസ് ( 23 ), വിഷ്ണു 23)  എന്നിവരെയാണ് കിളിമാനൂർ പൊലീസും  തിരു: റൂറൽ ഷാഡോ , ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്. 

മോഷണകുറ്റത്തിന് അനവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതിനാൽ സംസ്ഥാനത്ത് കുറ്റകൃത്യം ചെയ്താൽ തിരിച്ചറിഞ്ഞ്  പിടിയിലാകും എന്നത് കൊണ്ട് കഴിഞ്ഞ ഒരു വർഷക്കാലമായി തമിഴ്നാട്ടിലെ വിവിധയിടങ്ങളിലാണ് ഇവർ മാല പിടിച്ചുപറി നടത്തിയിരുന്നത്. കന്യാകുമാരി ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇവർ നടത്തിയ പത്തോളം  മാല പിടിച്ചുപറി കേസ്സുകളാണ് ഇപ്പോൾ തെളിയിക്കാനായത്. അക്രമിച്ച് മാല പിടിച്ച് പറി നടത്തുന്നതിനിടയിൽ വീണ് ഗുരുതരമായി പരിക്ക് പറ്റിയ രണ്ട് സ്ത്രീകൾ ഇപ്പോഴും  ആശുപത്രിയിലാണ്. ഇവരെ പിടികൂടുന്നതിനായി തമിഴ്നാട് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സംഘം അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുകയും , കേരളത്തിലെ വിവിധ ജില്ലകളിൽ അനവധി തവണ എത്തിയെങ്കിലും  ഇവരെ കണ്ടെത്തി  പിടികൂടാൻ കഴിഞ്ഞിരുന്നില്ലാ. 

ഗുണ്ടാ വിരുദ്ധ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള മിഥുനെതിരെ കൊല്ലം ജില്ലയിലെ പൊലീസ്  സ്‌റ്റേഷനുകളിൽ  പിടികിട്ടാപുളളിയായി പ്രഖ്യാപിച്ച വാറണ്ട് നിലവിൽ ഉണ്ട്. ചടയമംഗലം ,ചെറിയ വെളിനല്ലൂരിൽ നടന്ന മാല പിടിച്ചുപറി കേസ്സിൽ കൂട്ടുപ്രതിയായ കൊല്ലം സ്വദേശി മുഹമ്മദ്അലിയെ പൊലീസ്  പിടികൂടിയെങ്കിലും പ്രധാന പ്രതിയായ ഇപ്പോൾ പിടിയിലായ മിഥുനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ലാ. 

മോഷ്ടിച്ചതും, സുഹൃത്തുക്കളിൽ നിന്നും വാടകക്ക് എടുക്കുന്നതുമായ ന്യൂ ജെനറേഷൻ ബൈക്കുകൾ ഉപയോഗിച്ചാണ് സംഘം മാല പിടിച്ചുപറി നടത്തിയിരുന്നത്.  പിടിയിലായ വിഷ്ണുവിന്റെ ടു വീലർ ഉപയോഗിച്ച് സംഘം അനവധി മാല പിടിച്ചുപറി നടത്തിയിരുന്നു. പള്ളിക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കുളമട ,കുന്നിൽവീട്ടിൽ അപ്പുണ്ണിയുടെ ബൈക്ക് മോഷണം നടത്തിയതും , കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ട് ബൈക്കുകൾ  മോഷണം ചെയ്തതും മിഥുന്റെ നേതൃത്വത്തിൽ  ആയിരുന്നു. ഇവർ മോഷണം ചെയ്ത മൂന്ന് ബൈക്കുകളും , മാല പൊട്ടിക്കാൻ ഉപയോഗിച്ച മറ്റ് രണ്ട് ബൈക്കുകളും പോലീസ് കണ്ടെടുത്തു. 

കഴിഞ്ഞ ദിവസം കിളിമാനൂർ മലയാമoത്ത്  വെച്ച് ടു വീലറിൽ യാത്ര ചെയ്ത് വന്ന സ്ത്രീയെ തള്ളിയിട്ട് അവരുടെ അഞ്ച് പവൻ തൂക്കം വരുന്ന താലിമാല കവർന്ന കേസ്സിലേക്കാണ് ഇവരിപ്പോൾ പിടിയിലായത്. മാലമോഷണത്തിനായി ഇവർ ഉപയോഗിച്ചിരുന്ന ന്യൂ ജനറേഷൻ ഇനത്തിലെ ടൂ വീലറും പണയം വെച്ചിരുന്ന മോഷണമുതലും അന്വേഷണ സംഘം  കണ്ടെടുത്തു. അന്നേ ദിവസം നഗരൂർ സ്റ്റേഷൻ പരിധിയിൽ തേക്കിൻകാട് വെച്ച് ടൂ വീലറിൽ സഞ്ചരിച്ച് വന്ന സ്ത്രീയേയും അക്രമിച്ച് ഇവർ തളളിയിട്ട് മാല പൊട്ടിച്ചെടുത്തിരുന്നു. ആളുകൾ കൂടി ബഹളം വെച്ചതിനെ തുടർന്ന് രക്ഷപ്പെടുന്നതിനിടയിൽ മാല ഇവരിൽ നിന്നും നഷ്ടപ്പെടുകയായിരുന്നു. നഗരൂർ പോലീസ് ഇതിന് ഇവർക്കെതിരെ കേസ്സ് എടുത്തിട്ടുണ്ട്. ഇലക്ഷൻ പ്രമാണിച്ച് സംസ്ഥാന അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കിയതിനെ തുടർന്നാണ്  സംഘം മാല പിടിച്ചുപറിക്ക് വീണ്ടും സംസ്ഥാനം  തെരെഞ്ഞെടുത്തത്. കടയ്ക്കൽ , ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ മാല പിടിച്ചുപറി നടത്തിയതും ഇതേ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് പി.കെ മധു ഐ.പി.എസ്സ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഹരി സി.എസ്,കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ എസ്സ്.സനൂജ് , കിളിമാനൂർ സബ് ഇൻസ്പെക്ടർ  ജയേഷ് റ്റി.ജെ , ജി.എസ്.ഐ സുരേഷ്, എ.എസ്.ഐ ഷജീം , റിയാസ്സ്, സുജിത് ഷാഡോ ഡാൻസാഫ് ടീമിലെ എസ്.ഐ എം. ഫിറോസ്ഖാൻ , എ.എച്ച്.ബിജു , എ.എസ്.ഐ  ബി.ദിലീപ് , അർ.ബിജുകുമാർ , സി.പി.ഒ മാരായ എ.എസ്.അനൂപ് , എസ്.ഷിജു , സുനിൽ രാജ്  എന്നിവരുടെ സംഘമാണ്  പ്രതികളെ മോഷണം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ വിദഗ്ദമായി പിടികൂടിയത്.

Follow Us:
Download App:
  • android
  • ios