Asianet News MalayalamAsianet News Malayalam

'ആദ്യം റോങ് നമ്പര്‍, പിന്നെ ചതിക്കുഴി'; പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ

പെൺകുട്ടികളുടെ മൊബൈൽ നമ്പർ കണ്ടെത്തി റോങ് നമ്പർ എന്ന വ്യാജേന വിളിച്ചു പരിചയപ്പെടുകയാണ് തുടക്കം. തുടർന്ന്, പ്രത്യേക ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തുകയും മറ്റുള്ളവർക്ക് നമ്പർ കൊടുക്കുകയും ചെയ്യും.

three youths arrested under pocso case for exploiting minor girls
Author
Thiruvananthapuram, First Published Jul 26, 2021, 2:19 PM IST

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 17കാരൻ അടക്കം മൂന്നുപേർ പള്ളിക്കൽ പൊലീസിന്റെ പിടിയിൽ. കോട്ടയം മുണ്ടക്കയം, എരുമേലി വടക്ക് പുഞ്ചവയൽ കോളനി യിൽ 504 നമ്പർ വീട്ടിൽ ചലഞ്ച് ഷൈൻ എന്ന ഷൈൻ (20), പുഞ്ചവയൽ കോളനി, 504ൽ ചൊള്ളാമാക്കൽ വീട്ടിൽ ജോബിൻ (19), ചാത്തന്നൂർ സ്വദേശിയായ 17കാരൻ എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 15കാരിയെയാണ് മൂവർസംഘം വലയിലാക്കിയത്. ഓൺലൈൻ ക്ലാസിന് വാങ്ങിയ സ്മാർട്ട് ഫോൺ വഴി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ് ഉപയോഗിച്ചിരുന്ന പെൺകുട്ടിയെ മൂവർസംഘം വശീകരിക്കുകയായിരുന്നു. പെൺകുട്ടികളുടെ മൊബൈൽ നമ്പർ കണ്ടെത്തി റോങ് നമ്പർ എന്ന വ്യാജേന വിളിച്ചു പരിചയപ്പെടുകയാണ് തുടക്കമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, പ്രത്യേക ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തുകയും മറ്റുള്ളവർക്ക് നമ്പർ കൊടുക്കുകയും ചെയ്യും.

ചാത്തന്നൂരുള്ള 17കാരനാണ് പെൺകുട്ടിയെ ആദ്യം പരിചയപ്പെട്ടത്. ഇയാൾ ലഹരിക്കും മൊബൈൽ ഗെയ്മുകൾക്കും അടിമയാണെന്ന് പൊലീസ് പറയുന്നു. ഇയാൾ വഴിയാണ് മുണ്ടക്കയത്തുള്ള മറ്റു രണ്ടു പ്രതികളും പെൺകുട്ടിയെ പരിചയപ്പെട്ടത്. പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ട് കുടുംബാംഗങ്ങൾ പള്ളിക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഐ.ടി വകുപ്പ്, പോക്സോ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലൊടുവില്‍ പ്രതികളെ കണ്ടെത്തുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണ്‍ പരിശോധിച്ചതിൽ നിന്ന് നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ വശീകരിച്ചിട്ടുള്ളതായി കണ്ടെത്തി. പള്ളിക്കൽ സ്റ്റേഷൻ ഓഫിസർ പി. ശ്രീജി ത്തിന്റെ നേതൃത്വത്തിൽ അറസ് റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐമാരായ എം. സാഹിൽ, വിജയകുമാർ, സി.പി.ഒമാരായ രാജീവ്, ബിനു, ശ്രീരാജ്, പ്രസേനൻ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios