Asianet News MalayalamAsianet News Malayalam

PT Thomas : പി ടി തോമസ്സിന്‍റെ പൊതുദർശനം: തൃക്കാക്കര നഗരസഭയിൽ അഴിമതിയെന്ന് ആരോപണം

പൂക്കളിറുത്ത് തന്‍റെ മൃതദേഹത്തിൽ വയ്ക്കേണ്ടെന്ന് അന്ത്യാഭിലാഷത്തിൽ പറഞ്ഞ് വെച്ച പിടിക്കായി 1,27,000 രൂപയുടെ പൂക്കൾ ഹാളിൽ നഗരസഭ എത്തിച്ചു.

Thrikkakara municipality on corruption allegations in pt thomas mla funeral
Author
Thrikkakara Municipality Office, First Published Jan 14, 2022, 6:39 AM IST

തൃക്കാക്കര: പി ടി തോമസ്സിന്‍റെ പൊതുദർശനത്തിന്‍റെ പേരിലും തൃക്കാക്കര നഗരസഭയിൽ അഴിമതി നടന്നതായി പ്രതിപക്ഷം. മൃതദേഹത്തിൽ പൂക്കൾ വയ്ക്കേണ്ടെന്ന് അന്ത്യാഭിലാഷത്തിൽ വ്യക്തമാക്കിയ പി ടിക്കായി കോൺഗ്രസ് ഭരണസമിതി ഒരുലക്ഷത്തി ഇരുപത്തിയേഴായിരം രൂപയാണ് പൂക്കൾക്കായി മാത്രം ചിലവാക്കിയത്. പൊതുദർശന ദിവസം ചിലവഴിച്ച തുകയിൽ പരിശോധന വേണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.

തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ നടന്ന പൊതുദർശനത്തിനായി നഗരസഭ വൻതുക ധൂർത്തടിച്ചെന്നാണ് പ്രതിപക്ഷം പറയുന്നത്. പൂക്കളിറുത്ത് തന്‍റെ മൃതദേഹത്തിൽ വയ്ക്കേണ്ടെന്ന് അന്ത്യാഭിലാഷത്തിൽ പറഞ്ഞ് വെച്ച പിടിക്കായി 1,27,000 രൂപയുടെ പൂക്കൾ ഹാളിൽ നഗരസഭ എത്തിച്ചു. അലങ്കാരമൊട്ടും കുറച്ചില്ല.1,17,000 രൂപ പൂക്കച്ചവടക്കാർക്ക് അന്നേദിവസം തന്നെ നൽകി. 

ഭക്ഷണത്തിനും 35,000 രൂപ ചിലവ്.കാർപെറ്റും മൈക്ക് സെറ്റും പലവക ചിലവിലുമായി 4ലക്ഷത്തിലധികം രൂപ മുടക്കിയതിൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍രെ ആവശ്യം.പ്രത്യേക പദ്ധതിയായി അനുമതി വാങ്ങാതെ പണം ചിലവഴിച്ചത് അഴിമതി എന്നാണ് ആരോപണം.

എന്നാൽ ആരോപണം ചെയർപേഴ്സൺ അജിത തങ്കപ്പൻ നിഷേധിച്ചു.അർഹിക്കുന്ന ആദരവ് നൽകിയാണ് പി ടി യെ നഗരസഭ യാത്രയാക്കിയത്. മൃതദേഹത്തിൽ പൂക്കൾ വേണ്ടെന്ന് മാത്രമായിരുന്നു പി ടി പറഞ്ഞത്,  ഹാൾ അലങ്കരിക്കുന്നതിൽ ഇക്കാര്യം ബാധകമല്ലെന്നും വിചിത്ര വിശദീകരണം. അടിയന്തര നഗരസഭ കൗൺസിൽ കൂടി പ്രതിപക്ഷത്തിന്‍റെ സമ്മതോടെയായിരുന്നു പൊതുദർശനത്തിന് ഒരുക്കങ്ങൾ സജ്ജമാക്കിയതെന്നും അജിത തങ്കപ്പൻ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios