'നൈറ്റ് ലൈഫി'ന് കട്ട് പറയുമോ നഗരസഭ? രാത്രി നടന്ന് ടെക്കികളുടെ പ്രതിഷേധം, നിർണായകയോഗം ഇന്ന്
വ്യാപാരികളും എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ എടുത്ത തീരുമാനത്തിന് എതിരെ ഒരു വിഭാഗം ഹോട്ടലുടമകളും ടെക്കികളും രംഗത്തെത്തിയിരിക്കുകയാണ്

കൊച്ചി: എറണാകുളത്ത് തൃക്കാക്കര നഗരസഭാ പരിധിയിലെ ഹോട്ടലുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണിക്ക് ശേഷം അടപ്പിക്കാനുള്ള തീരുമാനം നഗരസഭ കൗൺസിൽ ഇന്ന് ചർച്ച ചെയ്യും. രാവിലെ 10.30 നാണ് യോഗം. അതിനിടെ പ്രതിഷേധവുമായി ടെക്കികള്‍ തെരുവിലിറങ്ങി.
വ്യാപാരികളും എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ എടുത്ത തീരുമാനത്തിന് എതിരെ ഒരു വിഭാഗം ഹോട്ടലുടമകളും ടെക്കികളും രംഗത്തെത്തിയിരിക്കുകയാണ്. കച്ചവടം നഷ്ടപ്പടുമെന്നാണ് ഹോട്ടലുടമകളുടെ വാദം. ഐടി ഹബ്ബായ കാക്കനാട് രാത്രി ഹോട്ടലുകൾ അടച്ചിടുന്നതില്‍ ഐടി മേഖലയിലെ ജീവനക്കാരും പ്രതിഷേധത്തിലാണ്. രാത്രി നടത്തത്തിലൂടെയാണ് ടെക്കികള്‍ പ്രതിഷേധിച്ചത്. ലഹരി ഉപയോഗവും വിൽപനയും ചൂണ്ടിക്കാട്ടിയാണ് രാത്രി കടകൾ അടച്ചിടാനുള്ള തീരുമാനമെടുത്തതെന്ന് നഗരസഭ പറയുന്നു. എന്നാല്‍ ലഹരി ഉപയോഗത്തിനെതിരെ നടപടി എടുക്കുകയാണ് വേണ്ടതെന്നും അല്ലാതെ ഇതല്ല പരിഹാരമെന്നും ടെക്കികള്‍ പറയുന്നു.
നൈറ്റ് ലൈഫ് കേന്ദ്രമായ തിരുവനന്തപുരം മാനവീയം വീഥിയിലെ കൂട്ടത്തല്ല് ചർച്ചയാകുന്നതിനിടെയാണ് തൃക്കാക്കരയിൽ നിയന്ത്രണം കൊണ്ടുവരാന്‍ നഗരസഭ ആലോചിച്ചത്. ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെയുള്ളവ രാത്രി 11 മണി മുതല്‍ രാവിലെ 4 മണി വരെ അടച്ചിടുക എന്നതാണ് നിര്‍ദേശം. ആദ്യ ഘട്ടത്തിൽ ആറ് മാസത്തേക്കാണ് നിയന്ത്രണം ആലോചിക്കുന്നത്.
ഇൻഫോ പാർക്കും സ്മാർട് സിറ്റിയും കളക്ട്രേറ്റും ഉൾപ്പെടുന്ന കാക്കനാടാണ് നിയന്ത്രണം ഏറെ ബാധിക്കുക. വിവിധ സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് ടെക്കികളാണ് ഇവിടെ ജോലി ചെയ്യുന്നത്. കാക്കനാട് രാത്രി കടകൾ ഇല്ലാതാവുന്നതോടെ നെറ്റ് ലൈഫ് ഇല്ലാതാവുമെന്ന ആശങ്ക ടെക്കികൾക്കുണ്ട്. നഗരസഭയും പൊലീസും കൈകോർത്ത് പുതിയ തീരുമാനം നടപ്പിലാക്കാനാണ് പദ്ധതി. ഇന്നത്തെ നഗരസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാവും.