ഹരിപ്പാട്: അഞ്ചുവർഷം മുൻപ് മരിച്ച  യുവാവിന്‍റെ കുഴിമാടം തുറന്നുള്ള  പരിശോധന ഇന്ന് നടക്കും. 2015 നവംബർ 15ന് മരണപ്പെട്ട തൃക്കുന്നപ്പുഴ പാനൂർ പൂത്തറയിൽ മുഹമ്മദ് മുസ്തഫയുടെ (34) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നത്. ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി ചെങ്ങന്നൂർ ആർ ഡി.ഒ. പറഞ്ഞു. 

മരണത്തിൽ ദുരൂഹത ആരോപിച്ച് മുഹമ്മദ് മുസ്തഫയുടെ ഭാര്യയായിരുന്ന സുമയ്യയുടെ ബന്ധു പല്ലന കൊക്കാടം തറയിൽ ഇർഷാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി. ദുരൂഹ മരണമാണെന്ന്  സുമയ്യയും പൊലീസിന് മൊഴി കൊടുത്തിരുന്നു. പാനൂർ വരവുകാട് ജുമാ മസ്ജിദ് കബർസ്ഥാനിലാണ്  മൃതദേഹം അടക്കം ചെയ്തത്. 

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയുന്നതിന്  സൗകര്യമൊരുക്കി തരണമെന്ന് ആവശ്യപ്പെട്ട്  ആർ.ഡി.ഒ.യും തൃക്കുന്നപ്പുഴ പോലീസും  പാനൂർ ജമാഅത്ത് കമ്മിറ്റിക്ക് കത്ത് നൽകി. എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രസിഡൻ്റ് അഡ്വ.എം.ഇബ്രാഹിം കുട്ടി പറഞ്ഞു. മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർമാരുടെ സംഘത്തെ ആർ.ഡി.ഒ. നിയോഗിച്ചു. ഫോറൻസിക് വിദഗ്ദരും മുതിർന്ന പോലീസ് അധികാരികളും സ്ഥലത്തെത്തും. 

ക്രമസമാധാന പാലനത്തിനായി കൂടുതൽ പോലീസുകാരെ നിയോഗിക്കും. . ഹൃദയാഘാതമാണ് മരണകാരണമെന്നാണ്  ബന്ധുക്കൾ നാട്ടുകാരോട് പറഞ്ഞത്. അതിനാൽ പോസ്റ്റ്മോർട്ടം കൂടാതെയാണ് മൃതദേഹം പാനൂർ വരവു കാട് ജുമാ മസ്ജിദിൽ കബറടക്കിയത്.