തൃശ്സൂര്‍: അടിയന്തര ആവശ്യങ്ങൾക്ക് പൊലീസിനെ വിളിക്കാൻ റെഡ് ബട്ടൺ പദ്ധതിയുമായി തൃശ്ശൂർ സിറ്റി പൊലീസ്. മോഷണമോ അപകടമോ സംഭവിച്ചാൽ ഉടൻ കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ സഹായിക്കുന്നതാണ് റെഡ് ബട്ടൺ.  കോർപ്പറേഷൻ ഓഫീസിന് സമീപം എം.ഒ റോഡിലും ശക്തൻ സ്റ്റാൻറിലുമാണ് റെട്ട് ബട്ടണുകൾ സ്ഥാപിച്ചിരിക്കുന്നത്. 

അത്യാവശ്യ ഘട്ടങ്ങളിൽ ജനത്തിന് ബട്ടണമർത്തി പൊലീസ് കൺട്രോൾ റൂമിൽ കാര്യമറിയിക്കാം. തൊട്ടടുത്തുള്ള പൊലീസ് വാഹനത്തിലേക്കും പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറും. തൃശ്ശൂരിൽ മുപ്പത് സ്ഥലങ്ങളിൽ ബട്ടൺ സ്ഥാപിക്കാനാണ് നീക്കം.

ആർ ടെക്നോളജീസ് എന്ന സ്റ്റാർട്ട് അപ് സംരംഭമാണ് സാങ്കേതിക സഹായം നൽകുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇതിനായുള്ള സ്ഥലവും വൈദ്യുതിയും ലഭ്യമാക്കിയാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ് ബട്ടൺ സ്ഥാപിക്കാം. അ‍ഞ്ച് ക്യാമറകൾ റെഡ് ബട്ടണൊപ്പം സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ ശേഖരിച്ച ഡാറ്റ പ്രകാരം ഗുണ്ടകളുടേയും മറ്റും നീക്കങ്ങൾ ഇതിലൂടെ നിരീക്ഷിക്കാനാണ് പദ്ധതി.