Asianet News MalayalamAsianet News Malayalam

പൊലീസ് ചമഞ്ഞ് സ്ത്രീകളുടെ നഗ്നചിത്രം കൈക്കലാക്കി തട്ടിപ്പ്: ഞരമ്പുരോഗികളുടെ കെണിയെക്കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്

പൊലീസ്, സൈബര്‍സെല്‍ തുടങ്ങി വിവിധ പൊലീസ് മേലുദ്യോഗസ്ഥന്‍ എന്ന് സ്വയം പരിചയപ്പെടുത്തി പെണ്‍കുട്ടികളുള്ള വീടുകളിലേയ്ക്കാണ് വിദേശ തട്ടിപ്പ് വിളിയെത്തുന്നത്. ഒട്ടേറെയാളുകള്‍ ഇത്തരം ചതിയില്‍പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് നേരിട്ട് അറിവിലേയ്ക്കായി നിര്‍ദ്ദേശങ്ങള്‍ വയ്ക്കുന്നത്

Thrissur City Police  Warning
Author
Thrissur, First Published Dec 5, 2018, 4:50 PM IST

തൃശൂര്‍: പൊലീസ് ചമഞ്ഞ് മൊബൈലിലൂടെ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ വാങ്ങി തട്ടിപ്പുനടത്തുന്നയാളെക്കുറിച്ച് തൃശൂര്‍ സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്. പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വിദേശത്തുനിന്നും ഫോണില്‍ വിളിച്ച് തന്ത്രപരമായാണ് സ്ത്രീകളുടെ നഗ്നഫോട്ടോ സ്വന്തമാക്കുന്നത്. തട്ടിപ്പില്‍ പലരും കുരുങ്ങുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കമ്മിഷണറേറ്റിന്റെ നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സിറ്റി പൊലീസിന്റെ സൈബര്‍ വിഭാഗത്തിനും വിവിധ സ്റ്റേഷനുകളിലുമായി നിരവധി പരാതികള്‍ ഇത്തരത്തില്‍ വരുന്ന സാഹചര്യത്തിലാണ് ഈ ഹൈടെക് വിരുതനെ പിടികൂടാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. 

പൊലീസിന്റെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞരമ്പുകളുടെ വിളിയറിയുക

ഭയപ്പെടുത്തി നഗ്‌നതചിത്രങ്ങള്‍ കൈക്കലാക്കുന്ന വിരുതനെ തേടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പൊലീസ്, സൈബര്‍സെല്‍ തുടങ്ങി വിവിധ പൊലീസ് മേലുദ്യോഗസ്ഥന്‍ എന്ന് സ്വയം പരിചയപ്പെടുത്തി പെണ്‍കുട്ടികളുള്ള വീടുകളിലേയ്ക്കാണ് വിദേശ തട്ടിപ്പ് വിളിയെത്തുന്നത്. ഒട്ടേറെയാളുകള്‍ ഇത്തരം ചതിയില്‍പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് നേരിട്ട് അറിവിലേയ്ക്കായി നിര്‍ദ്ദേശങ്ങള്‍ വെയ്ക്കുന്നത്.
 
തട്ടിപ്പ് ഇങ്ങനെ

1. നിങ്ങളുടെ മകളുടെ/സഹോദരിയുടെ നഗ്‌നതചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആയതിന്റെ അന്വേഷണത്തിനായി സംസാരിക്കുന്നതിന് മകള്‍ക്ക് ഫോണ്‍ നല്‍കാനായി ആവശ്യപ്പെടും. വിശ്വാസ്യതയ്ക്ക് പൊലീസ് ഒഫീഷ്യല്‍ വിവരങ്ങള്‍ വ്യാജമായി പറഞ്ഞാണ് വിവരം തേടുക.

2. തുടര്‍ന്ന് വൈറലായ നഗ്‌നതാചിത്രങ്ങളുടെ സാമ്യത പരിശോധിയ്ക്കാനായി സ്വന്തം വാട്‌സ്അപ്പ് പ്രൊഫൈലില്‍ ഒരു സെക്കന്റ് നേരത്തേയ്ക്കായി നല്ല ചിത്രം ഇടാനും തുടര്‍ന്ന് നഗ്‌നത പ്രദര്‍ശിപ്പിച്ച് ഫോട്ടോ ഇടാനും ആവശ്യപ്പെടും.

3. യാതൊരു സംശയത്തിനുമിടയാക്കാതെ ബന്ധുക്കളോ, സുഹൃത്തുക്കളുമായോ ചേര്‍ന്നും ഇത്തരം നഗ്‌നത ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാനും ആവശ്യപ്പെടും.

4. നഗ്‌നതാ ചിത്രങ്ങള്‍  സ്‌ക്രീന്‍ ഷോട്ടെടുത്ത് ശേഖരിച്ചത് ഉപയോഗിച്ച് പലവഴികളിലൂടെ തുടര്‍ന്ന് ശല്യംചെയ്യല്‍ തുടങ്ങും. 

അറിയുക
1. മനഃശാസ്ത്രപരമായും മാനസികമായും വൈദഗ്ദ്യവാനായ ഞരമ്പ് വിരുതന്‍ ഗംഭീര ശബ്ദത്തോടെ യാതൊരു സംശയത്തിനുമിടയാക്കാതെ നല്ല മലയാളത്തിലാണ് സംസാരിക്കുക.

2. നിങ്ങളുടെ വിവരങ്ങളും ഫോട്ടോകളും കൈമാറരുത്. 

3. പൊലീസ് ഒരിക്കലും ഫോണിലൂടെയോ, സോഷ്യല്‍മീഡിയ വഴിയോ ആരുടെയും ചിത്രങ്ങളും രേഖകളും ആവശ്യപ്പെടാറില്ല.

4. ഇത്തരം ഫോണ്‍ വിളികള്‍ ലഭിച്ചവരും ചതിയില്‍പെട്ടവരും മടികൂടാതെ പരാതി നല്‍കുക.

5. ശല്യപ്പെടുത്തലോ, ഭയപ്പെടുത്തലോ, പണാപഹരണമോ തടയാനും, മാനസികമായി പെണ്‍കുട്ടികളെ തകര്‍ക്കുന്ന ചെയ്തികള്‍ തടയാനും നിങ്ങളുടെ പരാതി സഹായിയ്ക്കും. 

6. ചതിയിലകപ്പെട്ട പെണ്‍കുട്ടികളെയും സുഹൃത്തുക്കളെയും മനശാസ്ത്ര കൌണ്‍സിലിംഗിന് ഉടന്‍ വിധേയമാക്കേണ്ടതാണ്.

ശ്രദ്ധിക്കുക..സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടതില്ല

വിദേശത്ത് നിന്നുമുള്ള വിളിയും വ്യത്യസ്ത ഫോണ്‍നമ്പറുകളില്‍ നിന്നുമാണ് ഫോണ്‍വിളിയെന്നറിയുക. വിളിച്ച ഫോണ്‍നമ്പറുകള്‍ സൂക്ഷിക്കുക, സംസാരം റിക്കോര്‍ഡ് ചെയ്ത് വയ്ക്കുക. 

ഫോണ്‍ ചതിയിലൂടെ ലഭിച്ച ഐ.ഡി പ്രൂഫ്, ഫോട്ടോ ഉപയോഗിച്ച് സിം കാര്‍ഡ് കരസ്ഥമാക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സിമ്മ് ഉപയോഗിച്ചാണ് പലരേയും വിളിച്ച് കെണിയില്‍പെടുത്തുന്നത്. സൈബര്‍സെല്ലും പൊലീസും  ഈ വിഷയത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios