ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറമെ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പും രംഗത്തിറങ്ങും. 21 സന്നദ്ധ സംഘടനകള്‍ അടങ്ങിയ ഗ്രൂപ്പാണ് ക്യാമ്പുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായത്തിനുണ്ടാവുക. 

തൃശൂര്‍: ജില്ലയില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ സേവനം തേടി ജില്ലാഭരണകൂടം. മരങ്ങള്‍ വന്നടിഞ്ഞ് ഗതാഗതം തടസപ്പെട്ട റോഡുകളിലെയും പാലങ്ങളിലെയും തടസങ്ങള്‍ നീക്കാന്‍ ഖലാസികളുടെ സേവനവും തേടിയിട്ടുണ്ട്. 

പൊലീസ് അക്കാദമി, എക്സൈസ് അക്കാദമി, ഫയര്‍ ഫോഴ്സ് അക്കാദമി എന്നിവിടങ്ങളിലെ സേനാംഗങ്ങളുടെ സേവനവും അക്കാദമികളിലെ സ്ഥല സൗകര്യവും വാഹന സൗകര്യവും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു. മഴക്കെടുതി ആഘാതം പരമാവധി കുറക്കാനുള്ള എല്ലാ മുന്‍കരുതലുകളും ക്രമീകരണങ്ങളും സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറമെ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പും രംഗത്തിറങ്ങും. 21 സന്നദ്ധ സംഘടനകള്‍ അടങ്ങിയ ഗ്രൂപ്പാണ് ക്യാമ്പുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായത്തിനുണ്ടാവുക. 

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരാണ് ഗ്രൂപ്പിലുള്ളത്. ഓരോ ക്യാമ്പിലും ഗ്രൂപ്പ് അംഗങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തും. ക്യാമ്പുകളുടെ അടിസ്ഥാന സൗകര്യം ഒരുക്കുക, അന്തേവാസികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ നല്‍കുക, മേല്‍നോട്ട ചുമതലയുള്ള വകുപ്പുകളുമായി ബന്ധപ്പെട്ട് ക്യാമ്പിന്റെ നടത്തിപ്പ് സുഗമമാക്കുക എന്നിവയാണ് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ പ്രധാന ചുമതല. ഓരോ ക്യാമ്പിലേയും അംഗങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ഗ്രൂപ്പ് രേഖപ്പെടുത്തി സൂക്ഷിക്കും. കമ്യൂണിറ്റി റേഡിയോ സൗകര്യങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൈ തൃശൂര്‍ കൂട്ടായ്മയാണ് കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഇവരുടെ ഏകോപനം നിര്‍വഹിക്കുക.