മാലിന്യ പ്ലാന്‍റിനുള്ള സ്ഥല പരിശോധനക്കായി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി എത്തിയതോടെ ലാലൂര്‍ വാസികള്‍ ആശങ്കയിലാണ്

തൃശൂര്‍: ലാലൂരില്‍ മാലിന്യ പ്ലാൻറ് സ്ഥാപിക്കാനുളള സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭ രംഗത്ത്. ലാലൂരിനെ വീണ്ടും മാലിന്യ കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന് മേയര്‍ അജിത വിജയൻ വ്യക്തമാക്കി. സ്ഥല പരിശോധനക്കായി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി എത്തിയതോടെ ലാലൂര്‍ വാസികളും ആശങ്കയിലാണ്.

സംസ്ഥാനത്ത് മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്‍റിന് തൃശൂരില്‍ കണ്ടെത്തിയിരിക്കുന്ന സ്ഥലം ലാലൂരാണ്. 200 കോടി രൂപ ചെലവിട്ട് സിംഗപ്പൂര്‍ മാതൃകയിലുളള പ്ലാന്‍റാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇതിനെതിരെ നേരത്തെ തന്നെ തൃശൂര്‍ നഗരസഭയും ജില്ലാ പഞ്ചായത്തും സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു. 

തുടര്‍ന്ന് ഐ എം വിജയൻറെ പേരിലുളള സര്‍ക്കാരിൻറെ ആധുനിക കായിക സമുച്ചയത്തിനായി ഈ സ്ഥലം നീക്കിവെക്കുകയായിരുന്നു. ഇതിൻറെ തറക്കല്ലിടല്‍ ചൊവ്വാഴ്ച മന്ത്രി ഇ പി ജയരാജൻ നടത്താനിരിക്കെയാണ് മാലിന്യ പ്ലാൻറ് സ്ഥാപിക്കാനുളള നീക്കവുമായി ചീഫ് സെക്രട്ടരി ലാലൂര്‍ സന്ദര്‍ശിച്ചത്. എന്നാല്‍ ലാലൂരിനെ വീണ്ടും നഗരത്തിന്‍റെ കുപ്പത്തൊട്ടിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നഗരസഭ.

വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവിലാണ് ലാലൂരില്‍ മാലിന്യം തള്ളുന്നത് നിര്‍ത്തിയത്. വീണ്ടും പഴയ അവസ്ഥയിലെത്തുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ലാലൂരില്‍ മാലിന്യ സംസ്കരണ പ്ലാന്‍റോ കായിക സമുച്ചയമോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. മാലിന്യ പ്ലാന്‍റ് സ്ഥാപിക്കാനാണ് നീക്കമെങ്കില്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങാനാണ് ലാലൂര്‍ വാസികളുടെ തീരുമാനം.