പാര്‍ട്ടി പറഞ്ഞതുകൊണ്ടാണ് നിയമസഭയിലേക്കും പാര്‍ലമെന്‍റിലേക്കും മത്സരിച്ചത്. പാര്‍ട്ടി പറയുന്നത് വീണ്ടും അനുസരിക്കും. തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ വീണ്ടും നില്‍ക്കേണ്ടതില്ലെന്ന നിലപാട് നിയമസഭയുടെ കാര്യത്തിലുണ്ട്. പാര്‍ലമെന്റിലേക്ക് അത്തരമൊരു തീരുമാനം ഇതുവരെ സിപിഐ കൈകൊണ്ടിട്ടില്ല. തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയുടെ സംസ്ഥാന ഘടകമാണെന്നും ജയദേവന്‍ മറുപടി നല്‍കി

തൃശൂര്‍: പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കുമെന്ന് സിപിഐയുടെ ഏക എംപി സി എന്‍ ജയദേവന്‍. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു നിലപാട് വ്യക്തമാക്കിയത്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തെയാണ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ ജയദേവന്‍ പ്രതിനിധീകരിക്കുന്നത്.

പാര്‍ട്ടി പറഞ്ഞതുകൊണ്ടാണ് നിയമസഭയിലേക്കും പാര്‍ലമെന്‍റിലേക്കും മത്സരിച്ചത്. പാര്‍ട്ടി പറയുന്നത് വീണ്ടും അനുസരിക്കും. തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ വീണ്ടും നില്‍ക്കേണ്ടതില്ലെന്ന നിലപാട് നിയമസഭയുടെ കാര്യത്തിലുണ്ട്. പാര്‍ലമെന്റിലേക്ക് അത്തരമൊരു തീരുമാനം ഇതുവരെ സിപിഐ കൈകൊണ്ടിട്ടില്ല. തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയുടെ സംസ്ഥാന ഘടകമാണെന്നും ജയദേവന്‍ മറുപടി നല്‍കി.

അതേസമയം, സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലും സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന മാനദണ്ഡം ജയസാധ്യത എന്നതുമാത്രമായിരിക്കും. സീറ്റുകള്‍ മാറ്റിയെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല. നാലു സീറ്റുകളും വിജയിക്കുമെന്നതാണ് വിലയിരുത്തല്‍. തൃശൂര്‍ സീറ്റ് സിപിഐക്ക് നമ്പര്‍ വണ്ണും എല്‍ഡിഎഫിന് നമ്പര്‍ ടുവും ആയിരിക്കും. മറ്റു മൂന്നും സീറ്റുകളിലും വിജയം ഉറപ്പാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ തവണ തങ്ങള്‍ക്കെല്ലാം വേദനയുണ്ടാക്കിയ ചില സംഭവങ്ങളരങ്ങേറി. എന്നാല്‍ ആ അഴുക്കെല്ലാം കഴുകി കളഞ്ഞ് വിജയകരമായ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണവിടെ. മാവേലിക്കരയിലും എല്‍ഡിഎഫ് വിജയിക്കും. വയനാട് കഴിഞ്ഞ തവണയും വിജയിക്കുമായിരുന്നു. ജയിക്കുന്ന സീറ്റെന്ന വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഇത്തവണ വിജയം ഉറപ്പാണെന്നും ജയദേവന്‍ വ്യക്തമാക്കി.

അഞ്ചുവര്‍ഷത്തിനിടെ നടന്ന സിപിഐയുടെ രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകളും പ്രധാനമായി ചര്‍ച്ച ചെയ്തത് ജനപ്രതിനിധി സഭകളില്‍ എങ്ങിനെ അംഗബലം വര്‍ദ്ധിപ്പിക്കാം എന്നതിനെ കുറിച്ചാണ്. തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ ഉണ്ടാക്കുന്നതിലെ വീഴ്ചകളാണ് പാര്‍ട്ടികളെയാണെങ്കിലും മുന്നണികളെയാണെങ്കിലും സീറോയില്‍ എത്തിക്കുന്നത്. ദേശീയതലത്തില്‍ ബിജെപിയെ താഴെയിറക്കുക എന്നതാണ് ഇടതുപാര്‍ട്ടികളുടെ നയവും നിലപാടും. 

ദീര്‍ഘകാലമായി കോണ്‍ഗ്രസ് വിരുദ്ധ നിലപാടുമായി പോയിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നതിനാലാണ് സിപിഎം അവരെ ഇപ്പോഴും എതിര്‍ക്കുന്നത്. എന്നാല്‍, പശ്ചിമബംഗാളില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കിയത് ആ സ്ഥിതിയില്‍ നിന്നെല്ലാം മാറ്റം വരുന്നുണ്ടെന്നതിന്റെ തെളിവാണ്. സിപിഐ മുമ്പും കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ടിരുന്ന പാര്‍ട്ടിയാണ്. കോണ്ഡഗ്രസ് വലിയ ബൂര്‍ഷാ പാര്‍ട്ടിയാണെന്നതിനപ്പുറം ബിജെപി വലിയ ഫാസിസ്റ്റ് സംഘടനയാണെന്നതാണ് വസ്തുതയായി കാണേണ്ടത്. പാര്‍ലമെന്റില്‍ പൊതുവിഷയങ്ങളില്‍ ഇടതുപക്ഷം സ്വീകരിക്കുന്നത്ര ശക്തി കോണ്‍ഗ്രസ് കാണിക്കുന്നില്ലെന്നതാണ് അവരുടെ പോരായ്മയെന്നും സി.എന്‍ ജയദേവന്‍ പറഞ്ഞു.