തൃശൂര്‍ പീച്ചിക്ക് സമീപം ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയില്‍ 62.5 ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി പിടിയിലായി. കര്‍ണാടക ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ പക്കല്‍ പണത്തിൻ്റെ ഉറവിടം കാണിക്കുന്ന രേഖകളുണ്ടായിരുന്നില്ല
തൃശൂര്‍: ദേശീയപാതയില്‍ പീച്ചിക്ക് സമീപം മുടിക്കോട് 62.5 ലക്ഷം രൂപയുമായി ബസ് യാത്രക്കാരന്‍ കസ്റ്റഡിയില്‍. കര്‍ണാടക സ്വദേശി ഉദയ് ശങ്കര്‍ ആണ് പിടിയിലായത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ കര്‍ണാടക ആര്‍.ടി.സി. ബസില്‍ നിന്നാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. ബാഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കര്‍ണാടകയിലെ വസ്തു വിറ്റ് ലഭിച്ച പണമാണെന്നും മറ്റൊരു വസ്തു വാങ്ങാന്‍ വേണ്ടി കൊച്ചിയിലേക്ക് പോകുകയാണ് എന്നുമാണ് ഇയാള്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
അവിടെ അഡ്വാന്‍സ് നല്‍കുന്നതിന് വേണ്ടിയാണ് പണം കൈയില്‍ കരുതിയിരുന്നത് എന്നും ഇയാള്‍ പറയുന്നു. എന്നാല്‍ വസ്തു വിറ്റതുമായി ബന്ധപ്പെട്ടതോ വാങ്ങുന്നതുമായി ബന്ധപ്പെട്ടതോ ആയ യാതൊരു രേഖകളും ഇയാളുടെ കൈയില്‍ ഉണ്ടായിരുന്നില്ല. പണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കൈമാറിയിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. പണം തെരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്ക് എത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.


