Asianet News MalayalamAsianet News Malayalam

ഒറ്റയടിക്ക് 42 ലക്ഷം ഫീസ് രണ്ടേകാൽ കോടിയാക്കി, തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യോഗം

രണ്ടേകാല്‍ കോടിയോളം രൂപയാണ് രണ്ടുമാസത്തോളം നീളുന്ന തൃശൂര്‍ പൂരം എക്‌സിബിഷന് തേക്കിന്‍കാട് മൈതാനിയില്‍ സ്ഥലം അനുവദിക്കുന്നതിനായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നതെന്ന് ദേവസ്വങ്ങള്‍ പറയുന്നു.

Thrissur pooram faces trouble after exhibition land fees hike prm
Author
First Published Dec 15, 2023, 2:09 AM IST

 

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്ത യോഗം ചേരാന്‍ തീരുമാനിച്ചു. വൈകിട്ട് 5.30ന് കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് ദേവസ്വം അംഗങ്ങള്‍ സംയുക്തയോഗം ചേരുക. പൂരം നടത്തിപ്പിലെ സാമ്പത്തിക പ്രതിസന്ധികളും നിയമ കുരുക്കുകളും ചര്‍ച്ച ചെയ്യും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പൂരം പ്രദര്‍ശന ഗ്രൗണ്ടിന്റെ തറവാടക വര്‍ധിപ്പിച്ചത് പൂരം നടത്തിപ്പിനെ സാരമായി ബാധിക്കുമെന്ന് ദേവസ്വങ്ങള്‍ വ്യക്തമാക്കിയിരുന്നു. 

തറവാടക കൂട്ടിയത് പരിഹരിക്കാനും ഒത്തുതീര്‍പ്പാക്കാനുമുള്ള ശ്രമങ്ങള്‍ കഴിഞ്ഞ പൂരം മുതല്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ തീരുമാനങ്ങളും നടപടികളുമായിട്ടില്ല. പൂരത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസാണ് എക്‌സിബിഷന്‍. ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് കേസ് നടക്കുന്നുണ്ട്. രണ്ടേകാല്‍ കോടിയോളം രൂപയാണ് രണ്ടുമാസത്തോളം നീളുന്ന തൃശൂര്‍ പൂരം എക്‌സിബിഷന് തേക്കിന്‍കാട് മൈതാനിയില്‍ സ്ഥലം അനുവദിക്കുന്നതിനായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നതെന്ന് ദേവസ്വങ്ങള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം 42 ലക്ഷം രൂപയാണ് നല്‍കിയത്. പൂരം കൊച്ചിന്‍ ദേവസ്വത്തിന്റേതു കൂടിയായതിനാല്‍ വന്‍ തുക ഈടാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നാണ് സംഘാടകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഉടനടി രാഷ്ട്രീയമായ തീരുമാനം വേണമെന്നാണ് ദേവസ്വങ്ങള്‍ ആവശ്യപ്പെടുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios