തൃശൂര്‍: പെരുമാറ്റചട്ടം നീങ്ങി, ശനിദശയും മാറി. തൃശൂര്‍ നീന്തല്‍ക്കുളത്തിലെ ഓളങ്ങള്‍ മികച്ച നീന്തല്‍ക്കാരെ കാത്തിരിക്കുന്നു. 32 വര്‍ഷത്തെ പഴക്കമുള്ള തൃശൂര്‍ അക്വാട്ടിക് കോംപ്ലക്‌സും നീന്തല്‍ക്കുളവും അപകടാവസ്ഥയിലായിരുന്നു. അറപ്പുളവാക്കുന്ന അകത്തളവും കുളവും ദേശീയനിലവാരത്തിലുയര്‍ത്തിയാണ് നവീകരണം പൂര്‍ത്തിയായിരിക്കുന്നത്. വൈകാതെ ഉദ്ഘാടനം ദിവസം നിശ്ചയിക്കപ്പെടുമെന്നാണ് സൂചന.

സ്‌കൂള്‍ മുതല്‍ ദേശീയതലത്തിലുള്ള ഒട്ടനവധി മത്സരങ്ങള്‍ക്ക് വേദിയായിക്കൊണ്ടിരുന്ന തൃശൂര്‍ നീന്തല്‍ക്കുളത്തില്‍ താരങ്ങള്‍ക്ക് നീന്തലിനിടെ മുറിവേല്‍ക്കുന്നതും ചൊറിച്ചലുണ്ടാവുന്നതും പതിവായിരുന്നു.  1987-ല്‍ ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്ക് വേണ്ടിയാണ് കോംപ്ലക്‌സില്‍ നീന്തല്‍ക്കുളം നിര്‍മ്മിച്ചത്. താഴത്തെ നിലയില്‍ നീന്തല്‍ പരിശീലനത്തിന് വേണ്ടിയുള്ള ചെറിയ നീന്തല്‍ക്കുളവും അടങ്ങിയതായിരുന്നു അക്വാട്ടിക് കോപ്ലക്‌സ്. 

 കാലപഴക്കം മൂലം കുളത്തിന് ചോര്‍ച്ച സംഭവിച്ചതും ജലശുദ്ധീകരണം കാര്യക്ഷമല്ലാത്തതും അക്വാട്ടിക് കോംപ്ലക്സ് നാശിക്കാന്‍ കാരണമായി. നിരവധി തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. 2017ല്‍ സ്പോര്‍ട്സ് മന്ത്രിയായിരുന്ന ഇ പി ജയരാജന്‍റെ രാജിയെ തുടര്‍ന്ന് ചുമതലയേറ്റ എ സി മൊയ്തീനാണ് നവീകരണാവശ്യം അംഗീകരിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ടില്‍ നടപടിയാവുകയും ആദ്യ ഗഡു തുകയും അനുവദിച്ചു. മുകള്‍നിലയില്‍ എട്ടു ട്രാക്കുകളും ഏഴടി താഴ്ചയുമുള്ള 50 മീറ്റര്‍ നീന്തല്‍ക്കുളവും 20 അടി താഴ്ചയുള്ള ഡൈവിംഗ് പൂളും. നാല് കോടി 33 ലക്ഷം ചിലവിട്ടാണ് ഇത് നവീകരിച്ചത്.

ഒളിമ്പിക്‌സ് നിലവാര ശുദ്ധീകരണപ്രക്രിയയുള്ള സംസ്ഥാനത്തെ രണ്ടാമത്തെ നീന്തല്‍ക്കുളമാണ് തൃശൂരിലേത്. ഒന്നാമത്തേത് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജിമ്മി ജോര്‍ജ്ജ് നീന്തല്‍ക്കുളമാണ്. സ്‌പെയിനില്‍നിന്ന് ഇറക്കുമതിചെയ്ത ശുദ്ധീകരണപ്ലാന്‍റ് ഉപയോഗിച്ചാണ് നീന്തല്‍ക്കുളം ശുദ്ധീകരിക്കുന്നത്. ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലുമടക്കം ഉപയോഗിക്കുന്ന ജലശുദ്ധീകരണ പ്ലാന്‍റാണിത്. ഓസോണേറ്റഡ് പ്ലാന്‍റാണ് ശുദ്ധീകരണത്തിന് ഉപയോഗിക്കുക. 

അന്തരീക്ഷവായുവില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിച്ചാണ് പ്ലാന്‍റ് ജലശുദ്ധീകരണം നടത്തുക. എപ്പോഴും നിറഞ്ഞുകവിയുന്ന നീന്തല്‍ക്കുളത്തിലെ വെള്ളം നാലുവശങ്ങളിലൂടെയും സംഭരിച്ച് പ്ലാന്‍റിലെത്തിച്ചാണ് ശുദ്ധീകരിച്ച് തിരികെ നീന്തല്‍ക്കുളത്തിലെത്തിക്കുക. ദിവസം 10 മണിക്കൂറെങ്കിലും ഇത്തരത്തില്‍ പ്ലാന്‍റ് പ്രവര്‍ത്തിക്കും. അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് വശങ്ങളിലായുള്ള ഗാലറിയും നീന്തല്‍ക്കുളത്തില്‍ വെളിച്ചം ലഭിക്കാന്‍ ഇരുവശത്തും സംവിധാനം ഡൈവിംഗ് പൂളിനുള്ളില്‍ അണ്ടര്‍ വാട്ടര്‍ ലൈറ്റുകള്‍, പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ കുളിമുറികള്‍ എന്നിവയടക്കം പുതിയ അക്വാട്ടിക് കോംപ്ലക്‌സിലുണ്ട്. ഇതോടൊപ്പം ജിംനേഷ്യം കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്.