കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡരികില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ ഒരു കടുവയെ കൂടി ചത്ത നിലയില്‍ കണ്ടെത്തി. ബുധനാഴ്ച കുറിച്യാട് റെയ്ഞ്ചിലെ ആറാം മൈലിലാണ് പത്ത് വയസ്സ് പ്രായമുള്ള ആണ്‍ കടുവയുടെ ജഡം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. 

വയനാട് വന്യജീവി സങ്കേതത്തിലെ വലിയ കടുവകളിലൊന്നാണിത്. ഇവിടങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന കടുവയെ വനംവകുപ്പിന്റെ കഴിഞ്ഞ രണ്ട് സര്‍വേകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു കടുവ കഴിഞ്ഞ മേയ് മാസത്തില്‍ മുത്തങ്ങ റെയ്ഞ്ചില്‍ ചത്തതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു.  

വെറ്ററിനറി ഫോറസ്റ്റ് ഓഫീസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ കടുവയുടെ പോസ്റ്റുമോര്‍ട്ടം നടത്തി. കടുവയുടെ കഴുത്തിലും കൈയിലും മുറിവേറ്റിട്ടുണ്ട്. ഇതില്‍ നിന്നും അണുബാധയുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ശേഖരിച്ച ശേഷം ജഡം കാട്ടിനുള്ളില്‍ സംസ്‌കരിച്ചു.