കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും നടത്തിയ പരിശോധനയിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

മലപ്പുറം: മലപ്പുറം കരുവാരകുണ്ടിൽ കടുവയിറങ്ങി. കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. റബ്ബർ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും നടത്തിയ പരിശോധനയിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കടുവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചതായി ഡിഎഫ്ഒ അറിയിച്ചു.

കഴിഞ്ഞ ദിവസം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കരുവാരക്കുണ്ട് സ്വദേശി ജെറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വനം വകുപ്പിൻ്റെ പരാതിയിലാണ് കരുവാരക്കുണ്ട് പൊലീസ് ജെറിനെതിരെ നടപടിയെടുത്തത്. മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിനാണ് ആർത്തല എസ്റ്റേറ്റിന് സമീപം താൻ കണ്ട കടുവയുടേത് എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിൻ സമ്മതിച്ചു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിലും ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Also Read: കരുവാരക്കുണ്ടിലെ കടുവയുടെ വ്യാജ വീഡിയോ: പച്ചക്കള്ളം പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു

YouTube video player