കല്‍പ്പറ്റ: നിരവധിതവണ കടുവയിറങ്ങി മനുഷ്യനെയും വളര്‍ത്തുമൃഗങ്ങളെയും ഭക്ഷണമാക്കിയ പാട്ടവയല്‍ പ്രദേശം വീണ്ടും കടുവാ ഭീതിയില്‍. കരുമ്പമൂലയിലെ സ്വകാര്യതോട്ടത്തിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടതെന്ന് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. 

കഴിഞ്ഞ ദിവസം നമ്പിക്കൊല്ലിയില്‍ ജോണിന്റെ ആടിനെ അജ്ഞാതജീവി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇത് കടുവയാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിന് മുമ്പ് ഇവിടെ കടുവയെ നാട്ടുകാര്‍ കണ്ടിരുന്നു. പരാതി ഉയര്‍ന്നതോടെ ഗുഢല്ലൂര്‍ ഡിഎഫ്ഒ രാഹുലിന്റെ നിര്‍ദേശപ്രകാരം ബിദര്‍ക്കാട് റേഞ്ചര്‍ കെ. മനോഹരന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘമെത്തിയാണ് ക്യാമറകള്‍ സ്ഥാപിച്ചത്. 

ഇതിനിടെ കോഴിക്കോട്-മൈസൂര്‍ റൂട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പരിസരത്തും കടുവയിറങ്ങിയെന്ന പരാതിയുണ്ട്. പുലര്‍ച്ചെയും വൈകുന്നേരങ്ങളിലും കടുവ എസ്റ്റേറ്റില്‍ നിന്ന്  ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നത് പതിവായതോടെ ബൈക്ക് യാത്രികര്‍ അടക്കമുള്ളവര്‍ ഭീതിയിലാണ്. കടുവകളുടെ സഞ്ചാരപാതയായ ബീനാച്ചി കയറ്റത്തിന് മുകളിലും മന്ദംകൊല്ലിയിലും നാട്ടുകാര്‍ കടുവയുടെ മുമ്പില്‍പ്പെടുന്നത് പതിവായി. വെള്ളിയാഴ്ചയും ഒരു യാത്രക്കാരന്‍ കടുവയ്ക്ക് മുമ്പിലകപ്പെട്ടിരുന്നു. ബീനാച്ചി എസ്റ്റേറ്റില്‍ നിന്ന് തൊട്ടടുത്തുള്ള റോഡ് മുറിച്ച് കടന്ന് കൃഷിയിടത്തില്‍ കൂടി 500 മീറ്റര്‍ പിന്നിട്ടാല്‍ കട്ടയാട് പഴുപ്പത്തൂര്‍ വനമേഖലയിലെത്തും. 

എസ്റ്റേറ്റില്‍ രണ്ട് കടുവകള്‍ ഉണ്ടെന്നായിരുന്നു വനംവകുപ്പ് നേരത്തെ സ്ഥിരീകരിച്ചത്. എന്നാല്‍ കുഞ്ഞുങ്ങള്‍ അടക്കം കടുവകളുടെ എണ്ണം നാലെണ്ണമായിട്ടുണ്ടെന്ന് കാല്‍പാദപരിശോധനയില്‍ വനംവകുപ്പിന് സ്ഥിതീകരിച്ചു. കടുവകളുടെ സഞ്ചാരപാത നിരീക്ഷിക്കാന്‍ എസ്‌റ്റേറ്റിന് പുറത്ത് മുമ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. കടുവയുടെ ദൃശ്യം ഇതില്‍ പതിയുകയും ചെയ്തിരുന്നു. പിന്നീട് ശല്യം കുറഞ്ഞതോടെ ക്യാമറ ഒഴിവാക്കി. കടുവ കുഞ്ഞുങ്ങള്‍ മന്ദംകൊല്ലി ഭാഗത്ത് കൂടിയാണ് അധികവും സഞ്ചരിക്കുന്നത്.

പ്രായമായ കടുവകളാണ് ബീനാച്ചി കയറ്റത്തിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞമാസം എസ്‌റ്റേറ്റിന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കമ്പിവേലിയില്‍ കുടുങ്ങി ഒരു കടുവയ്ക്ക് പരിക്കേറ്റിരുന്നു. എതായാലും നാട്ടുകാരുടെ പരാതി ശക്തമായ സാഹചര്യത്തില്‍ വനംവകുപ്പ് ജാഗ്രതയിലാണ്.