Asianet News MalayalamAsianet News Malayalam

രണ്ട് മാസത്തിനിടെ കടുവ കൊലപ്പെടുത്തിയത് പത്ത് വളര്‍ത്തുമൃഗങ്ങളെ; നഷ്ടപരിഹാരം നിഷേധിച്ച് വനം വകുപ്പും


ബാലകൃഷ്ണന് മാത്രം ഏഴ് വളര്‍ത്തുമൃഗങ്ങളാണ് നഷ്ടപ്പെട്ടത്. ഒരു കറവപശുവും അഞ്ച് കിടാങ്ങളും ആടുമടക്കമാണിത്. കടുവ കൊണ്ടുപോയതും കൊലപ്പെടുത്തിയതുമായ വളര്‍ത്തുമൃഗങ്ങളുടെ നഷ്ടപരിഹാരതുകയും ഇതുവരെ ലഭിച്ചിട്ടില്ല.

tiger killed ten domestic animals in two months at veettikutti village
Author
First Published Jan 9, 2023, 10:03 AM IST

സുല്‍ത്താന്‍ബത്തേരി: ബഫര്‍സോണ്‍ അതിര്‍ത്തി നിര്‍ണ്ണയത്തെ ചൊല്ലിയും വന്യമൃഗ ആക്രമണങ്ങളിലും ജില്ലയിലെങ്ങും പ്രതിഷേധം അരങ്ങേറുമ്പോഴും ഉപജീവനമാര്‍ഗമായിരുന്ന വളര്‍ത്തുമൃഗങ്ങളെ കടുവ വകവരുത്തിയ ബത്തേരി പഴേരിക്കടുത്തുള്ള വീട്ടികുറ്റി ഗ്രാമത്തിലെ കുറുമക്കാരുടെ ദുരിതകഥ പുറം ലോകമറിഞ്ഞിട്ടില്ല. അറിഞ്ഞ വനം വകുപ്പാകട്ടെ പലവിധ ന്യായീകരണങ്ങള്‍ പറഞ്ഞ് ഈ ആദിവാസി സമൂഹത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയ്ക്ക് പോലും അവര്‍ക്ക് അര്‍ഹതയില്ലെന്ന് പറഞ്ഞ് നിഷേധിച്ചു. 

പഴേരി  ഗ്രാമത്തിലെ വീട്ടിക്കുറ്റി ശുപ്രന്‍, വേലായുധന്‍, ചെറുക്കന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് രണ്ട് മാസത്തിനിടെ പത്ത് വളര്‍ത്തുമൃഗങ്ങളെ നഷ്ടമായത്. കഴിഞ്ഞ ദിവസം വേലായുധന്‍റെ കണ്‍മുന്നില്‍ വെച്ചാണ് അദ്ദേഹത്തിന്‍റെ ആടിനെ കടുവ പിടിച്ചത്. ആടിനെ മേയ്ക്കാനായി വയലിലൂടെ കൊണ്ട് പോകുമ്പോള്‍ കടുവ ആക്രമിക്കുകയായിരുന്നു. വേലായുധന്‍ കൈവശമുണ്ടായിരുന്ന വടി കൊണ്ട് നിലത്തടിച്ച് ശബ്ദമുണ്ടാക്കിയപ്പോള്‍ കടുവ ആടിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞതെന്ന് വേലായുധന്‍ പറയുന്നു. 

വീട്ടില്‍ നിന്നിറങ്ങുന്നത് കടുവയുടെ വായിലേയ്ക്ക് എന്ന അവസ്ഥയിലാണെന്ന്  ഗ്രാമവാസികള്‍ പറയുന്നു. ശുപ്രന്‍റെ ഗര്‍ഭിണിയായ പശുവിനെയും ചെറുക്കന്‍ ബാലകൃഷ്ണന്‍റെ രണ്ട് കിടാവുകളെയും രണ്ട് മാസത്തിനുള്ളില്‍ കടുവ കൊന്നു. ഗ്രാമവാസികളുടെ ഇത്രയേറെ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടിട്ടും ഈ സംഭവം പുറം ലോകം മാത്രമറിഞ്ഞില്ല. അഥവാ അറിഞ്ഞവര്‍ പുറത്ത് പറഞ്ഞില്ല. വന്യമൃഗ ആക്രമണങ്ങളെ തുടര്‍ന്ന് നഷ്ടപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്ക് വനം വകുപ്പ് നല്‍കേണ്ട  നഷ്ടപരിഹാരവും ഇതുവരെ നല്‍കിയില്ല. പാട്ടഭൂമിയില്‍ താമസിക്കുന്നതിനാല്‍ തന്നെ ഈ കുടുംബങ്ങളുടെ നിസ്സഹായ അവസ്ഥ വനം വകുപ്പ് ചൂഷണം ചെയ്യുകയാണെന്നും ആരോപണമുണ്ട്. 

ബാലകൃഷ്ണന് മാത്രം ഏഴ് വളര്‍ത്തുമൃഗങ്ങളാണ് നഷ്ടപ്പെട്ടത്. ഒരു കറവപശുവും അഞ്ച് കിടാങ്ങളും ആടുമടക്കമാണിത്. കടുവ കൊണ്ടുപോയതും കൊലപ്പെടുത്തിയതുമായ വളര്‍ത്തുമൃഗങ്ങളുടെ നഷ്ടപരിഹാരതുകയും ഇതുവരെ ലഭിച്ചിട്ടില്ല. പഴേരി വീട്ടിക്കുറ്റി ഗ്രാമത്തിലെ കുറുമക്കാരുടെ കുടുംബങ്ങളുടെ ജീവിത മാര്‍ഗമാണ് കടുവയുടെ ആക്രമണത്തില്‍ ഇല്ലാതായികൊണ്ടിരിക്കുന്നത്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ കേന്ദ്രമായതിനാല്‍ തന്നെ കടുവ പോലെയുള്ള വന്യമൃഗങ്ങള്‍ക്ക് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഒരുക്കുകയെന്നത് ശ്രമകരമാണെന്നും ഗ്രാമവാസികള്‍ പറയുന്നു.


കൂടുതല്‍ വായനയ്ക്ക്:  നൂല്‍പ്പുഴ വള്ളുവാടിയില്‍ കടുവയിറങ്ങി, ഗര്‍ഭിണിയായ പശുവിനെ ആക്രമിച്ചു; ഭീതിയില്‍ ജനം

കൂടുതല്‍ വായനയ്ക്ക്: വാകേരിയിലിറങ്ങിയ കടുവ ജനവാസ കേന്ദ്രത്തിൽ നിന്ന് കാടുമൂടിയ എസ്റ്റേറ്റിലേക്ക് കടന്നു

 

Follow Us:
Download App:
  • android
  • ios