Asianet News MalayalamAsianet News Malayalam

കൊളുന്ത് ഇറക്കിവരുന്നതിനിടെ മുന്നിലൂടെ പുലി കുതിച്ചുചാടി; മൂന്നാറിൽ ട്രാക്ടർ അപകടത്തില്‍പ്പെട്ടു

ഇടുക്കി ചെണ്ടുവരൈ ഫാക്ടറിയില്‍ കൊളുന്ത് ഇറക്കിയശേഷം രാത്രിയില്‍ തിരികെ  നാഗര്‍മുടി ഡിവിഷനിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. പുലി കുറുകെ ചാടിയതോടെ ഭയന്നുപോയ താന്‍ വാഹനം പെട്ടന്ന് വെട്ടിച്ചതായും ഇതോടെ നിയന്ത്രണം നഷ്ടമായി ടാക്ടര്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നും രവികുമാര്‍ പറയുന്നു.

tiger leaped in front tractor met with an accident in munnar
Author
First Published Sep 14, 2022, 6:49 PM IST

മൂന്നാര്‍: മൂന്നാർ ലക്ഷ്മി എസ്റ്റേറ്റില്‍ കൊളുന്ത് ഇറക്കിവരുന്നതിനിടെ  മുന്നിലൂടെ പുലി കുതിച്ചുചാടിയതോടെ നിയന്ത്രണം വിട്ട ട്രാക്ടര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തിൽ ട്രാക്ടറിന്റെ ഡ്രൈവർ രവികുമാറിന് പരിക്കേറ്റു. നാഗര്‍മുടി സ്വദേശിയാണ് രവികുമാർ. 

ഇടുക്കി ചെണ്ടുവരൈ ഫാക്ടറിയില്‍ കൊളുന്ത് ഇറക്കിയശേഷം രാത്രിയില്‍ തിരികെ  നാഗര്‍മുടി ഡിവിഷനിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. പുലി കുറുകെ ചാടിയതോടെ ഭയന്നുപോയ താന്‍ വാഹനം പെട്ടന്ന് വെട്ടിച്ചതായും ഇതോടെ നിയന്ത്രണം നഷ്ടമായി ടാക്ടര്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നും രവികുമാര്‍ പറയുന്നു. ഇയാളുടെ കൈക്കും കഴുത്തിനും പരിക്കുണ്ട്. 

പ്രദേശത്തെ വന്യജീവി ശല്യം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്. മൂന്നാറിലെ വിവിധ എസ്‌റ്റേറ്റുകളില്‍ കടുവ അടക്കമുള്ള വന്യമ്യഗങ്ങളുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്. എസ്‌റ്റേറ്റ് മേഖലയില്‍ അമ്പതോളം പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. പ്രശ്‌നത്തില്‍ നാളിതുവരെ പരിഹാരം ഉണ്ടാക്കാന്‍ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. 
 
അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം  രൂക്ഷമായി തുടരുകയാണ്. കൊല്ലം ജില്ലയിൽ മാത്രം  നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് 51 പേരാണ്. ഇടുക്കിയിൽ 15 പേർക്ക് കടിയേറ്റു. കോഴിക്കോട് ജില്ലയിൽ ഇന്ന് നാലു പേരെ പട്ടി കടിച്ചു.  ഇടുക്കിയിൽ നിർമല സിറ്റി സ്വദേശി ലളിതാ സോമന് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു.  രാവിലെ കടയിൽ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു.  ജനങ്ങൾക്ക് ഭീഷണിയായി മാറിയ സാഹചര്യത്തിൽ തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹ‍ർജിയിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് കക്ഷി ചേരാൻ തീരുമാനിച്ചു.ഇതിന് സർക്കാർ അനുമതി കിട്ടിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

ഇടുക്കിയിലും എറണാകുളത്തുമായി  ആടുകളേയും കോഴികളേയും നായകൾ കടിച്ചു കൊന്നു. എറണാകുളം കോതമംഗലം  വാരപ്പെട്ടിയിൽ മൂന്ന് ആടുകളെ നായകൾ കടിച്ചു കൊന്നു. ഇടുക്കി അടിമാലി വാളറയിൽ കോഴിഫാമിലെ 25 കോഴികളെയും രണ്ടു താറാവുകളേയും നായക്കൂട്ടം കൊന്നു. കൂത്താട്ടുകുളത്ത്  45 കരിങ്കോഴികളെ നായ്ക്കൾ കടിച്ചു കൊന്നു. കണ്ണൂർ കൂത്തുപറമ്പിൽ പശുവിന് പേ വിഷബാധയേറ്റു.  

Read Also: പൗരന്മാരെ  സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിന്, തെരുവ് നായ്ക്കളെ അടിച്ച്കൊന്ന് നിയമം കൈയിലെടുക്കരുത്: ഹൈക്കോടതി

Follow Us:
Download App:
  • android
  • ios