കല്‍പ്പറ്റ: കഴിഞ്ഞ വര്‍ഷമാണ് സുല്‍ത്താന്‍ബത്തേരിക്കടുത്ത വടക്കനാട് എന്ന പ്രദേശത്തെ വിറപ്പിച്ച കൊമ്പനെ വനംവകുപ്പ് കൂട്ടിലാക്കിയത്. എന്നാല്‍ ഭീതിയൊഴിഞ്ഞെന്ന് കരുതിയ നാട്ടുകാരെ ഇപ്പോള്‍ വിറപ്പിച്ചിരിക്കുന്നത് കടുവയാണ്. കൊമ്പനെ കൂട്ടിലാക്കി ഒരു വര്‍ഷം പോലും തികയുന്നതിന് മുമ്പാണ് പ്രദേശത്ത് നിരന്തരം കടുവയെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 

ഒരാളെ കടുവ കൊന്നുതിന്നുക കൂടി ചെയ്തതോടെ വടക്കനാട് പ്രദേശം അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാണ്. വടക്കനാട്, പച്ചാടി, വീട്ടിക്കുറ്റി, പ്രദേശങ്ങളില്‍ ഡിസംബര്‍ 24-ന് ജഡയനെ കടുവകൊന്നുതിന്ന സംഭവത്തിന് ശേഷം ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. മിക്ക ദിവസങ്ങളിലും കടുവയെ ജനവാസമേഖലയില്‍ കണ്ടെത്തിയെന്ന് പറയുന്നു. 

ഇക്കാരണത്താല്‍ വടക്കനാട് നിന്ന് ബത്തേരിക്കും പച്ചാടിയില്‍നിന്ന് നാലാം വയലിലേക്കും വള്ളുവാടിയിലേക്കും റോഡിലൂടെ പോകാന്‍ തന്നെ ജനം ഭയപ്പെടുകയാണ്. വനപാലകര്‍ ഈ മേഖലയിലെത്തി കടുവയെ നിരീക്ഷിക്കാറുണ്ടെങ്കിലും ജനങ്ങളുടെ ഭീതിക്ക് പരിഹാരമാകുന്നില്ല. ജനവാസമേഖലയില്‍ നിലയുറപ്പിച്ച കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.