അതുവഴി വരികയായിരുന്ന കന്നുകാലി പരിപാലകനായ കന്തസാമിയാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്. രണ്ടു കടുവകള്‍ ഒരേ സമയം പശുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് കന്തസാമി പറയുന്നു. കയ്യിലുണ്ടായിരുന്ന കത്തി വീശിയും കല്ലെറിഞ്ഞും അലറിവിളിച്ചതോടെ കടുവ പശുവിനെ പിടിവിട്ട് ഓടി മറയുകയായിരുന്നുവെന്ന് കന്തസാമി പറയുന്നു. 

ഇടുക്കി: തോട്ടം മേഖലയില്‍ കടുവടയുടെ ആക്രമണത്തില്‍ കന്നുകാലികള്‍ കൊല്ലപ്പെടുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം കന്നിമല എസ്റ്റേറ്റിലെ ഒരു പശു കൂടി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കടുവയുടെ ആക്രണത്തില്‍ കൊല്ലപ്പെട്ട കന്നുകാലികളുടെ എണ്ണം 36 ആയി. പെരിയവര എസ്റ്റേറ്റ് ചോല സ്വദേശി മാരിയമ്മയുടെ പശുവാണ് കൊല്ലപ്പെട്ടത്. വീടിന്റെ പ്രധാന വരുമാന മാര്‍ഗമായിരുന്നു പശുവാണ് കൊല്ലപ്പെട്ടത്. ഒരു ദിവസം 14 ലിറ്റര്‍ പാല്‍ വരെ ലഭിച്ചിരുന്ന പശുവാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ചോലമലയിലെ മുപ്പതാം നമ്പര്‍ ഫീല്‍ഡിനു സമീപം മേയുകയായിരുന്ന പശുവിനെ കടുവ ആക്രമിച്ചത്. അതുവഴി വരികയായിരുന്ന കന്നുകാലി പരിപാലകനായ കന്തസാമിയാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്. രണ്ടു കടുവകള്‍ ഒരേ സമയം പശുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് കന്തസാമി പറയുന്നു. കയ്യിലുണ്ടായിരുന്ന കത്തി വീശിയും കല്ലെറിഞ്ഞും അലറിവിളിച്ചതോടെ കടുവ പശുവിനെ പിടിവിട്ട് ഓടി മറയുകയായിരുന്നുവെന്ന് കന്തസാമി പറയുന്നു. കടുവയുടെ ആക്രമണം നേരില്‍ കണ്ട കന്തസാമിയുടെ കണ്ണില്‍ നിന്നും ഭീതി ഒഴിഞ്ഞിട്ടില്ല. കഴുത്തില്‍ മാരകമായ പരിക്കേറ്റ പശുവിനെ വീടിനു സമീപമുള്ള തൊഴുത്തിലെത്തിച്ചെങ്കിലും രാത്രിയോടെ പശുവിന്റെ ജീവന്‍ നഷ്ടപ്പെട്ടു. 

കന്നുകാലികള്‍ക്കെതിരായ ആക്രമണം പതിവായിട്ടും നടപടി സ്വീകരിക്കാത്ത വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധമുയരുകയാണ്. വന്യജീവി ആക്രമണത്തില്‍ നിന്നും രക്ഷിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചിട്ടും ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥ പുലര്‍ത്തുന്ന വനം വകുപ്പിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുവാനാണ് തൊഴിലാളികളുടെ തീരുമാനമെന്ന് വാര്‍ഡ് മെമ്പര്‍ നാഗരാജ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona