Asianet News MalayalamAsianet News Malayalam

വില്ലേജ് ഓഫീസറുടെ വീട്ടിന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി ടിപ്പർ ഉടമയും ഭാര്യയും

വില്ലേജ് ഓഫീസർ ഉടൻ തന്നെ വിവരം കഠിനംകുളം പൊലീസിനെ അറിയിച്ചും കഠിനംകുളം സിഐ അൻസാരിയും സംഘവും സംഭവസ്ഥലത്തെത്തി ഷൈജുവിനെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി. 

tipper owner and wife suicide threat in front of village officer house
Author
Thiruvananthapuram, First Published Aug 1, 2021, 11:21 AM IST

തിരുവനന്തപുരം: 40 ദിവസം മുമ്പ്​ പിടിയിലായ ടിപ്പർ ലോറി വിട്ടുകിട്ടാത്തതിൽ പ്രതിഷേധിച്ച്​ വില്ലേജ് ഓഫിസറുടെ വീടിന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി ടിപ്പർ ഉടമയും ഭാര്യയും. കല്ലറ കുറ്റിമൂട് സ്വദേശി ഷൈജുവാണ് കഠിനംകുളം വില്ലേജ് ഓഫിസർ മേരി സുജയുടെ വീടിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കിയത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഭാര്യയുമായി പുത്തൻത്തോപ്പിലെ വില്ലേജ് ഓഫിസറുടെ വീട്ടിലെത്തിയ ഷൈജു ബഹളം ഉണ്ടാക്കുകയും താൻ ആത്മഹത്യ ചെയ്യാൻ പോകുന്നുയെന്നും പറഞ്ഞു. 

വില്ലേജ് ഓഫീസർ ഉടൻ തന്നെ വിവരം കഠിനംകുളം പൊലീസിനെ അറിയിച്ചും കഠിനംകുളം സിഐ അൻസാരിയും സംഘവും സംഭവസ്ഥലത്തെത്തി ഷൈജുവിനെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി. ദേശീയപാതയിലെ നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് മറ്റൊരു സ്ഥലത്ത് കൊണ്ട് പോകുന്നതിനിടെയാണ് ജൂൺ 22ന് ഷൈജുവിന്‍റെ ടിപ്പർ ലോറി കഠിനംകുളം വില്ലേജ് ഓഫിസറുടെ നിർദേശപ്രകാരം പൊലീസ് പിടികൂടിയത്. മതിയായ രേഖകൾ ഉണ്ടായിട്ടും ടിപ്പർ വിട്ടുനൽകുവാൻ വില്ലേജ് ഓഫിസർ തയ്യാറായില്ലെന്നാണ് ഷൈജു പറയുന്നത്. 

വാഹനം വിട്ടുകിട്ടാൻ പല ആവർത്തി വില്ലേജ് ഓഫീസറെയും പൊലീസിനെയും ബന്ധപ്പെട്ടെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഷൈജു കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ കൂടുതൽ സമയം ആവശ്യപ്പെട്ട് വില്ലേജ് ഓഫിസർ കോടതിക്ക്​ കത്ത് നൽകിയെന്നും 45 ദിവസമായി തന്റെ വരുമാന മാർഗമായ ടിപ്പർ ലോറി സ്റ്റേഷനിൽ കിടന്ന് നശിക്കുന്നുവെന്നും ജീവിക്കാൻ മറ്റു വഴികളില്ലെന്നും ആത്മഹത്യയല്ലാതെ വേറെ വഴി ഇല്ലെന്നുമാണ് ഷൈജു പറയുന്നത്. 

കോടതിയുടെ പരിഗണനയിൽ ഉള്ള കേസായതിനാൽ തീരുമാനമെടുക്കാൻ പൊലീസിന് സാധിക്കില്ല എന്നും ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി തുടർ നടപടികൾ ആലോചിക്കാം എന്ന് സി.ഐ അൻസാരി ഷൈജുവിനെ പറഞ്ഞു അനുനയിപ്പിച്ച ശേഷമാണ് ഷൈജുവും ഭാര്യയും മടങ്ങി പോയത്.

Follow Us:
Download App:
  • android
  • ios