മറ്റത്തൂരിൽ രാജി വെക്കണമെന്ന ഡിസിസി അന്ത്യശാസനത്തിന് മറുപടിയുമായി മുൻ കോൺഗ്രസ് നേതാവ് ടി എം ചന്ദ്രൻ. ഡിസിസിയുമായി ചർച്ചക്കില്ലെന്നും കെപിസിസി നേതൃത്വവുമായി നേരിട്ട് സംസാരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട്. 

തൃശൂര്‍: മറ്റത്തൂരിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജി വച്ച് പാർട്ടിക്ക് വിധേയരാകണമെന്ന് ഡി സി സി അധ്യക്ഷന്റെ അന്ത്യശാസനക്ക് മറുപടിയുമായി മുൻ കോൺഗ്രസ് നേതാവ് ടി എം ചന്ദ്രൻ. ഡി സി സിയോട് ചർച്ചയില്ലെന്നും കെ പി സി നേതൃത്വവുമായി നേരിട്ട് ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും ടി എം ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെപിസിസിക്ക് വിധേയരായി പ്രവർത്തിക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. നേതൃത്വം പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന് തന്നെയാണ് പ്രതീക്ഷ. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥികൾ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചപ്പോൾ ഡിസിസിക്ക് പരാതി കൊടുത്തതാണ്. അന്ന് നടപടി എടുക്കാത്ത ഡിസിസി പ്രസിഡന്റാണ് ബിജെപി ഇങ്ങോട്ട് വോട്ട് ചെയ്തു എന്നതിന്റെ പേരിൽ നടപടിക്ക് ഒരുങ്ങുന്നതെന്നും ടി എം ചന്ദ്രൻ.

മറ്റത്തൂരിൽ 10 ദിവസത്തിനുള്ളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഒഴിഞ്ഞില്ലെങ്കിൽ അയോഗ്യരാക്കുമെന്ന് ഇന്നലെ ഡിസിസി പ്രസിഡന്റ് അന്ത്യശാസനം നൽകിയിരുന്നു. കെ ആർ ഔസേപ്പിനും ടി എം ചന്ദ്രൻ മറുപടി നൽകി. ബിജെപിയുമായി കൂട്ടുകൂടണം എന്ന് 23 ആം തീയതി, വീട്ടിലെത്തി ചന്ദ്രൻ ആവശ്യപ്പെട്ടുവെന്നാണ് ഔസേപ്പിന്റെ ആരോപണം. പാർലമെന്ററി പാർട്ടി യോഗം എപ്പോൾ വിളിക്കണമെന്ന് ചർച്ച ചെയ്യാനാണ് വീട്ടിലെത്തിയത്. അവിടെ വച്ച് താൻ ഒരക്ഷരം സംസാരിച്ചിട്ടില്ല. മറിച്ച് തെളിയിച്ചാൽ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. താൻ ഇത്തരത്തിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ 26 ആം തീയതി നടന്ന വാർഡ് പ്രവർത്തകരുടെ യോഗത്തിൽ ഔസേപ്പ് എന്തുകൊണ്ട് പങ്കെടുത്തുവെന്നും ടി എം ചന്രൻ ചോദിച്ചു. 26ന് ഔസേപ്പ് പങ്കെടുത്ത രേഖകളും ടി എം ചന്ദ്രൻ പുറത്തുവിട്ടു. ബിജെപിയുമായി കൂട്ടുകൂടാൻ ആവശ്യപ്പെട്ടതുകൊണ്ടാണ് എൽഡിഎഫിനെ പിന്തുണച്ചത് എന്നായിരുന്നു ഔസേപ്പിന്റെ വാദം.