പ്രതിയുടെ സുഹൃത്തായ മുളയ്ക്കലത്തുകാവ് സ്വദേശിനിയെ തട്ടിക്കൊണ്ടു പോകാന്‍ യുവതിയുടെ വീട്ടില്‍ക്കയറി മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ

തിരുവനന്തപുരം: യുവതിയെ തട്ടിക്കൊണ്ടു പോവുന്നതിനായി വീട്ടില്‍ക്കയറി കിടപ്പുമുറിയില്‍ ഒളിച്ചിരുന്ന പ്രതി പിടിയില്‍. കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ചെമ്പകശേരി അരുണ്‍ നിവാസില്‍ അരുണ്‍ ( 34 ) ആണ് പൊലീസ് പിടിയിലായത്. പ്രതിയുടെ സുഹൃത്തായ മുളയ്ക്കലത്തുകാവ് സ്വദേശിനിയെ തട്ടിക്കൊണ്ടു പോകാന്‍ യുവതിയുടെ വീട്ടില്‍ക്കയറി മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. 

അരുണ്‍ യുവതിയുടെ വീട്ടില്‍ ഒളിപ്പിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് യുവതിയുടെ വീട്ടില്‍ എത്തി ഇയാളുടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളുമാണ് അരുണ്‍. തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ഡി. ശില്പയുടെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ് പി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ യുവതിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത്.

അതേസമയം പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പശ്ചിമ ബംഗാളില്‍ നിന്ന് കൊണ്ടുവന്ന് അങ്ങാടിപ്പുറത്തെ ലോഡ്ജില്‍ പാര്‍പ്പിച്ച 17കാരിയെ രക്ഷപ്പെടുത്തി. മലപ്പുറം ചൈല്‍ഡ് ലൈനാണ് പെരിന്തല്‍മണ്ണ പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. അങ്ങാടിപ്പുറത്തും സമീപത്തും നടത്തിയ തിരച്ചിലിലാണ് സ്വകാര്യ ലോഡ്ജില്‍ വ്യാജരേഖകള്‍ കാണിച്ച് രഹസ്യമായി പാര്‍പ്പിച്ച കുട്ടിയെ ബംഗാള്‍ സ്വദേശിയായ അന്‍സാര്‍ അലി എന്നയാള്‍ക്കൊപ്പം കണ്ടെത്തിയത്. കുട്ടിയെ രക്ഷപ്പെടുത്തുകയും കൂടെയുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയെ കടത്തിക്കൊണ്ടുവന്നതിന് ജൂലൈയില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ബംഗാള്‍ പൊലീസ് കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ ബെംഗാൾ പൊലീസ് കേരളത്തിലെത്തി. ബംഗാളിലെ ഗോള്‍ പോഗര്‍ പൊലീസ് സ്‌റ്റേഷനിലെ എസ് ഐ ടോട്ടോണ്‍ ദേവനനാഥ്, കോൺസ്റ്റബിൾമാരായ ബിസ് വിജിത്ത് സിങ്ക, രോഷിനി പസന്ത്, മലപ്പുറം ചൈല്‍ഡ് ലൈന്‍ കൗണ്‍സലര്‍ മുഹ്‌സിന്‍ പരി, പെരിന്തല്‍മണ്ണ എസ് ഐ സന്തോഷ്‌ കുമാര്‍, സി പി ഒ മാരായ നിഖില്‍, മുഹമ്മദ് സജീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കുട്ടിയെ ബംഗാള്‍ പൊലീസ് വിമാനമാര്‍ഗം നാട്ടിലെത്തിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സമാനരീതിയില്‍ കടത്തിക്കൊണ്ടുവന്ന നാല് കുട്ടികളെ ചൈല്‍ഡ്‌ലൈന്‍ രക്ഷപ്പെടുത്തിയിരുന്നു.